ന്യൂഡൽഹി: പറന്നുകൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ എഴുന്നേറ്റു നടന്നും ബന്ധുക്കൾക്ക് പരസ്പരം ഭക്ഷണം കൈമാറിയുമുള്ള യാത്രക്കാരുടെ പെരുമാറ്റം വിവാദത്തിൽ. നീരജ് പ്രിയങ്ക ചൗധരി എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ചർച്ചയായത്. യാത്രക്കാർ വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കി മാറ്റിയെന്നാണ് ചിലരുടെ പ്രതികരണം. തായ്ലാൻഡിലെ ക്രാബിയിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ചില യാത്രക്കാർ വിമാനത്തിന്റെ മുൻനിര സീറ്റിനു സമീപമുള്ള നടപ്പാതയിൽ നിൽക്കുന്നതും ചിലർ സീറ്റിൽ ചാരിനിന്ന് ബന്ധുക്കളോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
മറ്റു ചിലർ ബന്ധുക്കൾക്ക് ഭക്ഷണം കൈമാറുന്നുമുണ്ട്. ഇതിനിടെ രണ്ട് കാബിൻ ക്രൂ അംഗങ്ങൾ യാത്രക്കാരോട് സീറ്റുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാർ അതിന് കൂട്ടാക്കാതെ വിമാനത്തിനുള്ളിൽ നടക്കുന്നത് തുടരുകയായിരുന്നുവെന്ന് നീരജ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. വിമാനത്തിന്റെ ഒന്നാം നിരയിലും അഞ്ചാം നിരയിലും ഇരുന്ന യാത്രക്കാരാണ് എഴുന്നേറ്റ് നടന്നും ഉറക്കെ സംസാരിച്ചും ബുദ്ധിമുട്ടുണ്ടാക്കിയത്.
ടർബുലൻസ് കാരണം സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശമെത്തിയിട്ടും ഇവർ സീറ്റിലിരിക്കാൻ കൂട്ടാക്കിയില്ലെന്നും യാത്രക്കാർക്ക് പ്രാഥമിക പൗരബോധമെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്നും നീരജ് പറഞ്ഞു.




