വിളപ്പിൽ: അവധിക്ക് നാട്ടിലെത്തിയ സൈനികൻ അമ്മയെ കോടാലിക്കൈകൊണ്ട് തലയ്ക്കടിച്ചും വാൾകൊണ്ട് വെട്ടിയും ക്രൂരമാ.ി പരുക്കേൽപ്പിച്ചു. വെള്ളനാട് നാലുമുക്കിൽ ശ്യാമാഭവനിൽ ശിവപ്രസാദ് (37) ആണ് അമ്മ ഇന്ദിരകുമാരിയെ (60) ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
പഞ്ചാബിൽ സേവനമനുഷ്ഠിക്കുന്ന ശിവപ്രസാദ് യാതൊരു പ്രകോപനവുമില്ലാതെ അമ്മയുമായി വഴക്കിടുകയും തുടർന്ന് കോടാലിക്കൈയ്ക്ക് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇന്ദിരകുമാരിയുടെ തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്. പിന്നാലെ അയൽവാസിയുടെ വീടും വളർത്തുനായയും അടിച്ചു തകർത്തു. സംഭവത്തിന് തലേദിവസം, അതായത് ഞായറാഴ്ച രാത്രി ഒന്നോടെ അയൽവാസികളായ അനിതാകുമാരി – രാമചന്ദ്രൻ ദമ്പതികളുടെ വീട്ടിലെത്തിയ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വീടിന്റെ വാതിൽ തകർക്കാൻ ശ്രമിച്ച ശിവപ്രസാദ്, വീട്ടിലെ നായ ബഹളം വെച്ചതിനെ തുടർന്ന് അതിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. കൂടാതെ രാമചന്ദ്രന്റെ ഓട്ടോയുടെ ഗ്ലാസും സീറ്റും അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിലും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അബോധാവസ്ഥയിലായ ഇന്ദിരകുമാരിയെ നാട്ടുകാരാണ് പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ ആര്യനാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.






