തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ മന്ത്രി കെ. മുരളീധരനും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകളിൽ തുടർനടപടികൾ വൈകുകയാണെന്നും ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി പിടിച്ചുവെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മന്ത്രി മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി. പ്രിൻസിപ്പൽ സെക്രട്ടറിയെ ആരോഗ്യവകുപ്പിന്റെ ചുമതലയിൽനിന്ന് മാറ്റണമെന്നാണ് മന്ത്രിയുടെ ആവശ്യം.
സർക്കാരിന്റെ നയപരമായ വിഷയങ്ങളിൽ മന്ത്രിയെന്ന നിലയിൽ തീരുമാനമെടുത്ത് നിർദേശങ്ങൾ നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളിൽ പോലും തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്.
തിരുവനന്തപുരം ജനറൽ ആശുപത്രിയെ പുതിയ മെഡിക്കൽ കോളേജായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതും നഴ്‌സിങ് കോളേജ് ഹോസ്റ്റലുകളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കുമായി സി.എസ്.ആർ. ഫണ്ട് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ മുന്നോട്ടുവന്നിട്ടും അനുമതി നൽകുന്നതടക്കമുള്ള നടപടികൾ വൈകുന്നതായും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻകാലങ്ങളിൽ നടത്തിയ മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പരിശോധന നടത്താൻ മൂന്ന് മാസം മുൻപ് നൽകിയ നിർദേശവും നടപ്പായിട്ടില്ലെന്നാണ് മന്ത്രിയുടെ പരാതി. മെഡിക്കൽ കോളേജുകളിലെ സിവിൽ, ഇലക്ട്രിക്കൽ, നിർമാണ പ്രവർത്തനങ്ങൾക്കും ബയോമെഡിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കണമെന്ന നിർദേശവും ഫയലിൽ തന്നെ തുടരുകയാണെന്നും മന്ത്രി പറയുന്നു.
നിർമാണം പൂർത്തിയായിട്ടും വിവിധ കാരണങ്ങളാൽ ഉപയോഗിക്കാതെ കിടക്കുന്ന നിരവധി കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ പോലും പാക്കറ്റ് തുറക്കാതെ കിടക്കുന്ന സാഹചര്യമുണ്ടെന്നും ഇത്തരം വിഷയങ്ങളിൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകണമെന്ന നിർദേശവും നടപ്പായിട്ടില്ലെന്നും പരാതിയിലുണ്ട്.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുൻ എം.ഡി. 19.5 ലക്ഷം രൂപ ചെലവഴിച്ച് ടെന്നീസ് ക്ലബിൽ അംഗത്വമെടുത്ത സംഭവത്തിൽ റിപ്പോർട്ട് നൽകണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്നാണ് മന്ത്രിയുടെ ആരോപണം.
സംസ്ഥാനത്ത് മരുന്നുക്ഷാമം നേരിടുന്ന സാഹചര്യത്തിലും മരുന്ന് വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിക്കാത്തതും മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി ബന്ധം വഷളാകാൻ കാരണമായതായാണ് വിവരം.
അതേസമയം, ഫയലുകൾ പിടിച്ചുവെച്ചെന്ന ആരോപണത്തോട് ശർമിള മേരി ജോസഫ് പ്രതികരിക്കാൻ തയ്യാറായില്ല. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇത് വകുപ്പിനുള്ളിലെ കാര്യങ്ങളല്ലേയെന്നായിരുന്നു അവരുടെ പ്രതികരണം.






