പത്തനാപുരം: തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികൾക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പത്തനാപുരം പുന്നല കടശ്ശേരി സ്വദേശി രാജമ്മ (81) ആണ് മരിച്ചത്.
കടശ്ശേരി ഉമ്മന്നൂരിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വനപാതയിലൂടെ തൊഴിലിടത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് തൊഴിലാളികൾക്ക് നേരെ കാട്ടാന എത്തിയത്. ആനയെ കണ്ട് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.
എന്നാൽ പ്രായാധിക്യം കാരണം രാജമ്മയ്ക്ക് വേഗത്തിൽ ഓടിമാറാനായില്ല. കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വന്യമൃഗശല്യം സംബന്ധിച്ച ആശങ്ക ശക്തമായി. വനപാതയിലൂടെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പതിവായി സഞ്ചരിക്കുന്ന മേഖലയിലാണ് കാട്ടാന ആക്രമണമുണ്ടായത്.






