ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധിച്ച എഎപി പ്രവർത്തകരടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ ഒരു ഡസനിലധികം എഎപി പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹി എഎപി അധ്യക്ഷൻ സൗരഭ് ഭരദ്വാജ്, എംഎൽഎ സഞ്ജീവ് ഝാ എന്നിവരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ ദേശീയ അധ്യക്ഷ നേഹ ബോറയെയും കസ്റ്റഡിയിലെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ ഡൽഹി പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി സൗരഭ് ഭരദ്വാജ് ആരോപിച്ചു. “ഫുട്ബോൾ പോലെ എന്നെ എടുത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ പോലീസ് സന്നാഹം ഇവിടെയുണ്ടായിട്ടും സ്വന്തം എസിപിക്കെതിരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യുന്നില്ല. എസിപിയെ അറസ്റ്റ് ചെയ്യുന്നതുമില്ല,” എന്നായിരുന്നു എഎപി നേതാവിന്റെ ആരോപണം.
ഇതിനിടെ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധ സ്ഥലത്ത് എഐഎസ്എ പ്രവർത്തകരും ഡൽഹി പോലീസും തമ്മിൽ നേരിയ സംഘർഷവും റിപ്പോർട്ട് ചെയ്തു. ബാരിക്കേഡ് മറികടക്കാൻ നേഹ ബോറ ശ്രമിക്കുന്നതിന്റെയും പോലീസ് ഉദ്യോഗസ്ഥർ അവരെ തടയുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ ആരോപണവിധേയമായ ക്രമക്കേടുകൾ, സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടിയുടെ നടത്തിപ്പ്, വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിനീക്കുന്നതായുള്ള ആരോപണം എന്നിവ ഉന്നയിച്ചാണ് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടക്കുന്നത്.
ശനിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ 150ലധികം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച കേന്ദ്ര ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലും വിദ്യാർഥി പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ 500ലധികം പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. നേഹ ബോറ, എഎപി നേതാക്കൾ, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് എന്നിവരും വെള്ളിയാഴ്ച കസ്റ്റഡിയിലായവരിൽ ഉൾപ്പെട്ടിരുന്നു.
അതിനിടെ ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കനോട്ട് പ്ലേസിൽനിന്ന് പട്ടേൽ ചൗക്കിലേക്കുള്ള വാഹനങ്ങൾ ബദൽ റോഡുകളിലൂടെ തിരിച്ചുവിടും. പട്ടേൽ ചൗക്കിൽനിന്ന് ജിപിഒയിലേക്കുള്ള ഗതാഗതവും ആവശ്യാനുസരണം നിയന്ത്രിക്കുകയോ തിരിച്ചുവിടുകയോ ചെയ്യും. ടോൾസ്റ്റോയ് മാർഗിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജന്തർ മന്തർ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. സാധ്യമാകുന്നിടത്തോളം ഈ റോഡുകൾ ഒഴിവാക്കി ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് യാത്രക്കാർക്ക് ട്രാഫിക് പോലീസ് നിർദേശം നൽകി.





