മീററ്റ്: കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിക്കൊപ്പം മോമോസ് കഴിക്കാനെത്തിയ ഭർത്താവിനെ കൈയോടെ പിടികൂടിയതിന് പിന്നാലെ ഭാര്യയെ കാറിന്റെ ബോണറ്റിൽ കിടത്തി 100 മീറ്ററോളം ദൂരം ഓടിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കൊല്ലാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് മായങ്കിനെയും ഒപ്പമുണ്ടായിരുന്ന യുവതി മാഹിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണു സംഭവം നടന്നത്. മായങ്ക് കാമുകി മാഹിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിക്കുകയായിരുന്നു. ഇതിനിടെ ഇരുവരെയും ഒരുമിച്ച് കണ്ട ഭാര്യ സുനിത പ്രകോപിതയായി കാറിനടുത്തെത്തി ചില്ലുകളിൽ തട്ടുകയും ചെയ്തു.
ഭാര്യയെ കണ്ടതോടെ പരിഭ്രാന്തനായ മായങ്ക് കാർ ലോക്ക് ചെയ്ത് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സുനിത കാറിന് മുന്നിൽ കയറി നിൽക്കുകയും പിന്നീട് ബോണറ്റിന് മുകളിൽ കിടക്കുകയുമായിരുന്നു. എന്നാൽ മായങ്ക് കാർ മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.
“ഭയ്യാ ബചായിയോ… ഭയ്യാ ബചാവോ” (സഹോദരാ, രക്ഷിക്കൂ… സഹായിക്കൂ) എന്ന് നിലവിളിച്ച് സുനിത വഴിയാത്രക്കാരോട് സഹായം അഭ്യർഥിച്ചു. ഇതിനിചെ ഏകദേശം 100 മീറ്ററോളം ദൂരം സുനിതയെ കാറിന്റെ ബോണറ്റിൽ കിടത്തിയ നിലയിൽ വാഹനം ഓടിച്ചെന്നാണ് പരാതി. സംഭവസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നത് കണ്ടതോടെയാണ് മായങ്ക് വാഹനം നിർത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സുനിത ഭർത്താവിനെതിരെ പരാതി നൽകി. തന്നെ ആക്രമിച്ചതായും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതായും വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ വധശ്രമക്കേസും രജിസ്റ്റർ ചെയ്തതായി കോട്ട്വാലി സർക്കിൾ ഓഫീസർ സംഗ്രാം സിങ് അറിയിച്ചു. വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയെ കൊല്ലണമെന്ന ഉദ്ദേശത്തോടെ മായങ്ക് വാഹനം ഓടിച്ചെന്നാണ് ആരോപണം. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ മായങ്കിനെയും മാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ടൊയോട്ട അർബൻ ക്രൂസർ ടൈസർ കാറും പിടിച്ചെടുത്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ UP15ER3086 ആണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.





