ടെൽ അവീവ്: ഫ്ലൈറ്റ് ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായൊരു അടിയേറ്റതായി അനുഭവപ്പെട്ടു. വിമാനത്തിന് വലിയ തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി അടിയേറ്റതോടെയാണ് സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് മനസിലായത്…. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തെ ചെറുത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാർ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടാണ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ നടന്ന സംഭവങ്ങൾ അദ്ദേഹം വിവരിച്ചത്. സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അത്യന്തം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് സ്മിത് പറഞ്ഞു.
ഫ്ലൈറ്റ് ആരംഭിച്ചപ്പോൾ എല്ലാം സാധാരണ നിലയിലായിരുന്നു. കുറച്ചുസമയത്തിന് ശേഷം സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിശ്വാസത്തെ മാനിച്ച് സ്മിത് മുന്നിലേക്ക് നോക്കിക്കൊണ്ടിരുന്നു. എന്നാൽ നാലോ അഞ്ചോ മിനിറ്റുകൾക്ക് ശേഷം പിന്നിൽ ശക്തമായൊരു അടിയേറ്റതായി അനുഭവപ്പെട്ടു. വിമാനത്തിന് വലിയ തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി അടിയേറ്റതോടെയാണ് സഹപൈലറ്റ് തന്നെ ആക്രമിക്കുകയാണെന്ന് മനസിലായത്. അടിയേറ്റ് കാഴ്ച മങ്ങിത്തുടങ്ങിയതായും ആക്രമണം തടയാൻ ശ്രമിച്ചതായും സ്മിത് പറഞ്ഞു.
ഇതിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി. സംഭവങ്ങളുടെ ഓർമ്മ പല ഭാഗങ്ങളായി മാത്രമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ആക്രമിച്ചയാൾ അത് അടച്ചുപൂട്ടി. കോക്പിറ്റിന്റെ നിലത്ത് കിടക്കുമ്പോഴും ശക്തമായ കാറ്റിന്റെ ശബ്ദവും ആളുകളുടെ നിലവിളിയും കേൾക്കാനായി. ശേഷിച്ച ശക്തി ഉപയോഗിച്ച് വാതിലിലേക്ക് എത്തി അത് തുറക്കാൻ കഴിഞ്ഞു. പുറത്തുണ്ടായിരുന്നവർ ഉടൻ അകത്തേക്ക് കയറി ആക്രമിയെ കീഴടക്കുകയും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തതായി സ്മിത് പറഞ്ഞു.
അതേസമയം സംഭവത്തിൽ ക്യാപ്റ്റൻ സ്മിത്തിന്റെ ധൈര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രശംസിച്ചു. വെള്ളിയാഴ്ച സ്മിത്തുമായി സംസാരിച്ച മോദി അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യത്തെയും ഉറച്ച മനസിനെയും അഭിനന്ദിച്ചു. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനമാണ് സ്മിത്തിന്റെ അസാമാന്യ ധൈര്യത്തിൽ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഏകദേശം 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം 17,000 അടിയിലധികം താഴേക്ക് പതിക്കുകയും അടിയന്തരസൂചനകൾ പുറപ്പെടുവിക്കുകയും ചെയ്തു. 27 കുട്ടികളടക്കം 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോയിങ് 737-8 വിമാനമായിരുന്നു ഇത്. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.
സംഭവത്തിന് പിന്നാലെ പുറത്തുവന്ന മാധ്യമ ദൃശ്യങ്ങളിൽ രക്തത്തിൽ കുളിച്ച നിലയിൽ ഓക്സിജൻ മാസ്ക് ധരിച്ച് വിമാനത്തിന്റെ ഗാലിയിൽ കിടക്കുന്ന സ്മിത്തിനെ കാണാമായിരുന്നു. വിമാനം ശക്തമായി കറങ്ങുകയും താഴേക്ക് പതിക്കുകയും ചെയ്തതായി ഒരു ഇസ്രയേലി യാത്രക്കാരൻ തന്നോട് പറഞ്ഞതായി നെതന്യാഹുവും പിന്നീട് വെളിപ്പെടുത്തി. വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളിൽ ഇടപെടുകയായിരുന്ന പൈലറ്റിനെ ഒരു യാത്രക്കാരനും ജീവനക്കാരനും ചേർന്ന് കോക്പിറ്റിൽ കയറി കീഴടക്കിയെന്നും നെതന്യാഹു പറഞ്ഞു.
സംഭവത്തിലെ സഹപൈലറ്റിനെ ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമിയാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് ആക്സുപയോഗിച്ച് സ്മിത്തിനെ ആക്രമിച്ചെന്നും തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി സംഭവത്തെ ഭീകരപ്രവർത്തന ശ്രമം എന്നാണ് വിശേഷിപ്പിച്ചത്. അന്വേഷണത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ ക്രാഷ് ആക്സുപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യവും മറ്റാരുമായെങ്കിലും ബന്ധമുണ്ടോയെന്നതും അന്വേഷിച്ചുവരികയാണ്.
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം, തീവ്രമായ ആശയപരമായ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് ഹമാം അൽ-ഹമ്മാമിയെ നേരത്തെ ഒമാനിൽ വിമാനമോടിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം യുഎഇയിൽ ജനിച്ച ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. വർഷങ്ങളോളം യുഎഇയിൽ കഴിഞ്ഞ ഇയാളെ തീവ്രവാദപരമായ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളുടെ പേരിൽ വിമാന പരിശീലനത്തിൽ നിന്ന് മാറ്റി മറ്റൊരു ജോലിയിലേക്ക് നിയോഗിച്ചിരുന്നുവെന്നാണ് പ്രാദേശിക നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ബ്രിട്ടനിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയും ഹമാം അൽ-ഹമ്മാമിയെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. മൂന്ന് വർഷത്തെ ഡിസ്റ്റൻസ് ലേണിങ് ഏവിയേഷൻ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കി 2023ൽ ബിരുദം നേടിയതായി സർവകലാശാല അറിയിച്ചു. എന്നാൽ അവിടെ നിന്ന് പൈലറ്റ് പരിശീലനം നേടിയിട്ടില്ലെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.






