തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്ക് കോൺഗ്രസിലേക്കുള്ള ക്ഷണത്തിൽ മറുപടി പറയേണ്ടത് താനല്ലെന്നും അക്കാര്യത്തിൽ പാർട്ടി നേതൃത്വം നിലപാട് പറയുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ കെ.എസ് ശബരീനാഥൻ. രാജിവെച്ചോയെന്ന് പറയേണ്ടത് ശ്രീലേഖയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിലേക്കാണെന്ന റിപ്പോർട്ടുകളുടെ സൂചനയെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീലേഖയുടെ രാജിയിൽ നഷ്ടം ബിജെപിക്കാണെന്നും ശ്രീലേഖയെ മുൻനിർത്തിയാണ് ബിജെപി വോട്ട് പിടിച്ചതെന്നും ബിജെപിക്ക് ഒരു സംസ്ഥാന അധ്യക്ഷനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച മുൻ ഡിജിപി ആർ. ശ്രീലേഖ കോൺഗ്രസിൽ ചേരുമെന്നാണ് നിലവിലുള്ള സൂചന. ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്ന ശ്രീലേഖ, കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്നും ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിൽ സജീവമായ ശ്രീലേഖയെ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് തുടക്കത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, പാർട്ടിയിൽ മുതിർന്ന നേതാവായ വി.വി രാജേഷിനെ മേയർ പദവിയിലേക്ക് നിശ്ചയിച്ചതോടെയാണ് പാർട്ടി നേതൃത്വവും ശ്രീലേഖയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. കൗൺസിലർ സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള കത്ത് മേയർക്ക് സമർപ്പിക്കുകയും, പാർട്ടി നേതൃത്വത്തെ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തതായാണ് സൂചന. 101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയിൽ ശ്രീലേഖയുടെ രാജി ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിക്ക് വലിയ രാഷ്ട്രീയ പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിൽ ഭരണം മുന്നോട്ട് കൊണ്ടുപോകുന്ന എൻഡിഎയ്ക്ക് ഒരു കൗൺസിലറുടെ കുറവ് ഭൂരിപക്ഷത്തിൽ വലിയ വെല്ലുവിളിയാകും.






