നാഗോയി: മുത്തശ്ശി നൽകിയ 3,000 രൂപയ്ക്ക് വാങ്ങിയ മരവില്ലിൽ അമ്പെയ്ത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ച കുങ്കും അനിൽ മൊഹോദ് ഇന്ന് ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ സ്വന്തം പേരെഴുതിയിരിക്കുകയാണ്. പതിനേഴാം വയസിൽ വനിതകളുടെ വ്യക്തിഗത റിക്കർവ് ഇനത്തിൽ സ്വർണം നേടി ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് വ്യക്തിഗത റിക്കർവ് സ്വർണജേതാവായാണ് കുങ്കും ചരിത്രം കുറിച്ചത്. ദക്ഷിണകൊറിയയുടെ ഒ യെജിനെ ഷൂട്ടോഫിൽ തോൽപ്പിച്ചായിരുന്നു കുങ്കുമിന്റെ സ്വർണനേട്ടം.
എന്നാൽ ഈ സ്വർണത്തിലേക്കുള്ള കുങ്കുമിന്റെ യാത്ര തുടങ്ങിയത് വിലകൂടിയ ഉപകരണങ്ങളോ മികച്ച സൗകര്യങ്ങളോ നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നില്ല. 2018ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നാണ് അമ്പെയ്ത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഒരു ബന്ധുവിന്റെ മകൾ അമ്പെയ്ത്ത് പരിശീലിക്കുന്നത് കണ്ട അമ്മ രൂപാലിയാണ് കുങ്കുമിനെയും ഈ കായിക ഇനത്തിലേക്ക് കൊണ്ടുവന്നത്. പ്രഫുൽ ഡാംഗെയുടെ രാധേ ആർച്ചറി അക്കാദമിയിൽ പരിശീലനം ആരംഭിച്ച കുങ്കുമിന്റെ കഴിവ് പരിശീലകനും വൈകാതെ തിരിച്ചറിഞ്ഞു.
ആദ്യ വില്ല് മരത്തിൽ നിർമിച്ചതായിരുന്നു. വില ഏകദേശം 3,000 രൂപ. ആ പണം നൽകിയത് മുത്തശ്ശി. അമ്പെയ്ത്ത് തുടങ്ങി വെറും ആറുമാസത്തിനുള്ളിൽ തന്നെ സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി കുങ്കും തന്റെ വരവറിയിച്ചു. പിന്നീട് വിലകൂടിയ ഉപകരണങ്ങളുടെ അഭാവം അവളുടെ മുന്നേറ്റത്തിന് തടസ്സമായില്ല. ലോകകപ്പിൽ പോലും ഏകദേശം അഞ്ച് വർഷമായി ഉപയോഗിച്ചിരുന്ന സെക്കൻഡ് ഹാൻഡ് വില്ലുമായാണ് കുങ്കും മത്സരിച്ചത്.
പരിശീലനത്തിനുള്ള യാത്ര പോലും കുടുംബത്തിന് വലിയ വെല്ലുവിളിയായിരുന്നു. പിതാവ് അനിൽ മനോഹർ മൊഹോദ് അമരാവതിയിലെ പലഹാരക്കടകൾക്കായി കാർഡ്ബോർഡ് പെട്ടികൾ നിർമിച്ചാണ് കുടുംബം പുലർത്തുന്നത്. പരിശീലനത്തിനായി ഷെയർ ഓട്ടോ ഉപയോഗിച്ചിരുന്നെങ്കിലും ചെലവ് താങ്ങാനാകാതെ വന്നതോടെ പിതാവ് മോട്ടോർസൈക്കിളിൽ കുങ്കുമിനെ പരിശീലനകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും പരിശീലനം മുടക്കാതെ മുന്നോട്ടുപോയതാണ് കുങ്കുമിന്റെ കരിയറിന് കരുത്തായത്.
2026ലാണ് കുങ്കുമിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടായത്. ഷാങ്ഹായ് ആർച്ചറി ലോകകപ്പ് സ്റ്റേജ് രണ്ടിൽ ഇന്ത്യയുടെ വനിതാ റിക്കർവ് ടീമിനൊപ്പം സ്വർണം നേടിയതോടെ രാജ്യാന്തര വേദിയിൽ കുങ്കും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് സോണിപത്തിൽ നടന്ന സെലക്ഷൻ ട്രയൽസിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഏഷ്യൻ ഗെയിംസ് ടീമിലും ഇടം നേടി. ട്രയൽസിൽ കിർതി ശർമയ്ക്കും അങ്കിത ഭക്തയ്ക്കുമൊപ്പം മുന്നിലെത്തിയതോടെ നാല് തവണ ഒളിമ്പ്യനായ ദീപിക കുമാരിക്ക് ടീമിൽ ഇടം നേടാനായില്ല.
ഏഷ്യൻ ഗെയിംസിൽ എത്തിയപ്പോഴേക്കും കുങ്കും വലിയ വേദിക്കായി പൂർണമായി തയ്യാറായിരുന്നു. വനിതാ റിക്കർവ് ടീം ഇനത്തിലും ഇന്ത്യക്കായി സ്വർണം നേടിയ സംഘത്തിന്റെ ഭാഗമായിരുന്നു കുങ്കും. വ്യക്തിഗത ഇനത്തിലും അതേ മികവ് ആവർത്തിച്ചാണ് ചരിത്രസ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഒ യെജിനെതിരെ 5-5ന് മത്സരം സമനിലയായതോടെ ഷൂട്ടോഫിലേക്ക് നീങ്ങിയ പോരാട്ടത്തിൽ കുങ്കും 10 പോയിന്റ് നേടി സ്വർണം ഉറപ്പിച്ചു.
3,000 രൂപയുടെ മരവില്ലിൽ തുടങ്ങിയ യാത്ര ഇന്ന് ഏഷ്യൻ ഗെയിംസ് സ്വർണത്തിൽ എത്തിനിൽക്കുമ്പോൾ, കുങ്കും മൊഹോദിന്റെ കഥ അമ്പെയ്ത്തിലെ ഒരു മെഡൽ നേട്ടം മാത്രമല്ല; പരിമിതമായ സൗകര്യങ്ങൾക്കിടയിലും ലക്ഷ്യത്തിൽ കണ്ണുറപ്പിച്ച് മുന്നേറിയ ഒരു പതിനേഴുകാരിയുടെ അസാധാരണ യാത്ര കൂടിയാണ്.






