മലപ്പുറം: തിരൂരങ്ങാടിയിൽ കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ വഴി ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളിൽ തിരുത്തൽ നടത്തി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന പരാതിക്ക് പിന്നാലെ ആപ്പിൽ വീണ്ടും മാറ്റം വരുത്തിയതായി റിപ്പോർട്ട്. നേരത്തെ വ്യാജമായി രേഖപ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങൾ നീക്കി യഥാർഥ സർട്ടിഫിക്കറ്റ് ഉടമയുടെ വിവരങ്ങൾ സൈറ്റിൽ വീണ്ടും അപ്‌ഡേറ്റ് ചെയ്തതായാണ് ആരോപണം. തിരൂരങ്ങാടി സ്വദേശിയായ മുഹമ്മദ് സഹൽ പാസ്‌പോർട്ട് ആവശ്യത്തിനായി തന്റെ കൈവശമുള്ള ജനന സർട്ടിഫിക്കറ്റ് നമ്പർ ഉപയോഗിച്ച് കെ-സ്മാർട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സ്വന്തം സർട്ടിഫിക്കറ്റ് നമ്പറിൽ മറ്റൊരു വ്യക്തിയുടെ പേരും വിലാസവുമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സംഭവത്തിൽ തിരൂരങ്ങാടി നഗരസഭയിൽ പരാതി നൽകി.
പരാതി നൽകിയതിന് പിന്നാലെ കെ-സ്മാർട്ടിലെ രേഖയിൽ വീണ്ടും മാറ്റം വരുത്തി യഥാർഥ സർട്ടിഫിക്കറ്റ് ഉടമയുടെ പേര് ഉൾപ്പെടുത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതിലൂടെ കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്തി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. കെ-സ്മാർട്ടിലെ ജനന സർട്ടിഫിക്കറ്റ് വിവരങ്ങളിൽ ഇത്തരത്തിലുള്ള തിരുത്തലുകൾ നടത്താൻ ഉദ്യോഗസ്ഥരുടെ ലോഗിൻ ഐഡി ആവശ്യമായി വരുമെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ആരുടെ ലോഗിൻ ഉപയോഗിച്ചാണ് വിവരങ്ങളിൽ മാറ്റം വരുത്തിയതെന്നും എപ്പോൾ മാറ്റം വരുത്തിയെന്നും കണ്ടെത്തേണ്ടതുണ്ട്.
കെ-സ്മാർട്ട് സംവിധാനത്തിലേക്ക് മാറിയ കാലയളവിൽ പഴയ സർട്ടിഫിക്കറ്റ് നമ്പറുകൾ ഉപയോഗിച്ച് സമാന രീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയിട്ടുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാർ, എസ്.എസ്.എൽ.സി തുടങ്ങിയ മറ്റ് ഔദ്യോഗിക രേഖകൾ തയ്യാറാക്കിയിട്ടുണ്ടാകാനുള്ള സാധ്യതയും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ സംഭവത്തിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.






