ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയിൽ 150 കിലോമീറ്റർ നീളമുള്ള പുതിയ റോഡ് നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള ഗതാഗതസൗകര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമിക്കുന്നതെന്നാണ് ന്യൂസ് 18 റിപ്പോർട്ട്.
ശ്യോക് നദിയുടെ കിഴക്കൻ തീരത്തുകൂടിയാണ് റോഡ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഡെപ്സാങ്, കാരക്കോറം ചുരം, ദൗലത് ബേഗ് ഓൾഡിയിലെ സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വേഗത്തിലുള്ള കണക്ടിവിറ്റിയും കൂടുതൽ സുരക്ഷിതമായ ഗതാഗതവും പുതിയ പാതയിലൂടെ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള ദർബുക്-ശ്യോക്-ദൗലത് ബേഗ് ഓൾഡി റോഡിന് ബദൽ പാതയായാണ് പുതിയ റോഡ് വിഭാവനം ചെയ്യുന്നത്.
അതിശൈത്യം, മണ്ണിടിച്ചിൽ, ഹിമപാളികൾ ഉരുകിയുണ്ടാകുന്ന ശക്തമായ നദീജല പ്രവാഹം തുടങ്ങിയ വെല്ലുവിളികൾ നിറഞ്ഞ ഭൂപ്രദേശത്തുകൂടിയാകും റോഡ് കടന്നുപോകുക. അഞ്ച് ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിലെ വികസന സാധ്യതകൾ കൂടി പരിഗണിച്ചായിരിക്കും റോഡിന്റെ ഘടനയും രൂപകൽപ്പനയും നിശ്ചയിക്കുക.
അതിർത്തി മേഖലയിൽ സൈനികർ, ആയുധങ്ങൾ, ഇന്ധനം, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ തടസ്സമില്ലാതെ എത്തിക്കുന്നതിന് പുതിയ റോഡ് സഹായകമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിലുള്ള റോഡിന് ബദൽ ഗതാഗത മാർഗം ലഭിക്കുന്നതോടെ ദൗലത് ബേഗ് ഓൾഡി മേഖലയിലെ ഇന്ത്യയുടെ ലോജിസ്റ്റിക് ശേഷി കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും.






