കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനു നേരെ മകന്റെ ക്രൂര മർദനം. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകൻ കുട്ടായിയുടെ മർദനമേറ്റത്. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ഞാനെ ഇവിടെ ചവിട്ടിയാലുണ്ടല്ലോ പിന്നെ എണീറ്റു പോകണമെങ്കിൽ എന്നോട് ചോദിക്കേണ്ടി വരും’…എന്നു പറഞ്ഞു കൊണ്ട് അമ്മയുടെ കാല് രണ്ടും പൊക്കി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അമ്മയെ കുട്ടായി സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ പെോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ മകനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. രാത്രികാലങ്ങളിൽ മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ പൊന്നമ്മ അയൽവീടുകളിലും റോഡ് വക്കുകകളിലും അഭയം തേടാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറാകാത്തതിനാൽ പോലീസ് നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ, ദൃശ്യങ്ങൾ തെളിവായി പുറത്തുവന്ന സാഹചര്യത്തിൽ നിയമനടപടികളുടെ സാധ്യതകൾ പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ നാട്ടുകാരും പോലീസും ഇടപെട്ട് പൊന്നമ്മയെ പ്രദേശത്തെ സ്നേഹഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.





