തിരുവനന്തപുരം: അമിത് ഷായെ കരിങ്കൊടി കാണിക്കുന്നതിൽ പ്രതിഷേധിച്ച് മന്ത്രി കെ.എം. ഷാജിക്കെതിരേ യുവമോർച്ചയുടെ പ്രതിഷേധം. വാഹനം തഞ്ഞതിനെത്തുടർന്ന് മന്ത്രി ഓട്ടോ റിക്ഷയിൽ കയറി യാത്രതുടരാനുള്ള ശ്രമം നടത്തിയെങ്കിലും, ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാൽനടയായി യാത്ര ചെയ്യുകയായിരുന്നു. തിരുവനന്തപുരം വാൻറോഡ് പരിസരത്തായിരുന്നു സംഘർഷം. അഞ്ചു മിനിറ്റോളം മന്ത്രിയെ യുവമോർച്ചാ പ്രവർത്തകർ തടഞ്ഞുവെക്കുകയും ചെയ്തു.
അതേപോലെ കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെസംസ്ഥാനത്ത് വ്യാപക പ്രശ്നങ്ങൾക്കാണ് തുടക്കമായത്. വിവിധയിടങ്ങളിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും തീയിടുകയും ചെയ്തു. ഇതിന് പിന്നിൽ ബിജെപിയാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിനെ കോൺഗ്രസ് പ്രവർത്തകർ തടയുകയും കാറിൽ കെട്ടിയിരുന്ന കൊടി എടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി ആഹ്വാനം ചെയ്തു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ യൂണിവേഴ്സിറ്റി കോളജിൽനിന്ന് കല്ലേറുണ്ടാവുകയായിരുന്നു. യൂണിവേഴ്സ്റ്റി ഹോസ്റ്റലിൽനിന്ന് കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ എസ്എഫ്ഐക്കാർ കല്ലും കുപ്പികളും എറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം.
കെഎസ്‌യു– യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരികെ കല്ലെറിഞ്ഞു. കൂടാതെ കോളജ് മതിൽ ചാടികടന്ന് ഫ്ലെക്സുകൾ നശിപ്പിച്ചു. സംഘർഷത്തിൽ വിദ്യാർഥികൾക്കും പോലീസിനും പരുക്കേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ സ്ഥലത്തെത്തി. ഇതിനിടെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടക്കാൻ ശ്രമിച്ചു. കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
ഇതോടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കൂടുതൽ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്കെത്തി. പ്രതിഷേധം കനത്തതോടെ പോലീസ് ഹോസ്റ്റൽ കോംപൗണ്ടിലേക്ക് കയറി ലാത്തിവീശി. വിദ്യാർഥികളിൽ ചിലരുടെ തലപൊട്ടി. സംഘടിച്ചു വന്ന കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ മനഃപൂർവം അക്രമം അഴിച്ചു വിട്ടതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു.




