കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. എസ്എൻഡിപി യോഗത്തിന്റെ മുൻ ജനറൽ സെക്രട്ടറി സി. കേശവനിൽനിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് ചോദിച്ച ജയരാജൻ, വെള്ളാപ്പള്ളിയുടെ നിലപാടുകളിലെ മാറ്റത്തെയും വിമർശിച്ചു.
മുൻപ് ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ഉയർത്തിയിരുന്ന വെള്ളാപ്പള്ളി ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. ഈ നിലപാടിൽ മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘നായാടി മുതൽ നസ്രാണി വരെ’ എന്ന മുദ്രാവാക്യം സംബന്ധിച്ച് ജയരാജൻ നേരത്തെയും വിമർശനം ഉന്നയിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്നതിലെ വൈരുധ്യവും ജയരാജൻ ചൂണ്ടിക്കാട്ടി. വെള്ളാപ്പള്ളിയുടെ പുതിയ മുദ്രാവാക്യം എസ്എൻഡിപിയുടെ മുൻകാല നിലപാടുകളിൽനിന്നുള്ള മാറ്റമാണെന്ന വിമർശനമാണ് ജയരാജൻ ഉന്നയിക്കുന്നത്. വെള്ളാപ്പള്ളി നേരത്തെ ‘നായാടി മുതൽ നസ്രാണി വരെ’ എന്ന ഐക്യമാണ് എസ്എൻഡിപിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.





