തിരുവനന്തപുരം: ഡിഎച്ച്എസിന്റെ വിവാദ ശബ്ദസന്ദേശത്തെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ തന്നെ വിളിക്കാമെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങൾക്ക് കൃത്യമായ പ്രോട്ടോകോൾ ഉണ്ടെന്നും ഡിഎച്ച്എസിന്റെ സന്ദേശം ശരിയാണെന്നും മന്ത്രി വ്യക്തമാക്കി.
വിവാദമായതിനെ തുടർന്ന് ഡിഎച്ച്എസ് ശബ്ദസന്ദേശം പിൻവലിച്ചിരുന്നു. എന്നാൽ അത് പിൻവലിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് താൻ ഡിഎച്ച്എസിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പൊതുവിൽ മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾക്ക് മാത്രമാണ് കുറവുള്ളതെന്നും അദ്ദേഹം പറഞ്ഞു.
18 മരുന്നുകൾക്ക് നിലവിൽ കുറവുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണക്കാർക്ക് ലഭിക്കാത്ത ഏതെങ്കിലും മരുന്നുകളുണ്ടെങ്കിൽ വിവരം അറിയിച്ചാൽ അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചില മരുന്ന് കമ്പനികളിൽനിന്ന് സർക്കാർ മരുന്ന് വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി വലിയ അഴിമതി നടത്തിയിട്ടുള്ള മരുന്ന് കമ്പനികളുണ്ടെന്നും അത്തരം കമ്പനികളിൽനിന്ന് മരുന്ന് വാങ്ങേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.





