വാളയാർ: സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് തമിഴ്നാട് റേഷനരി കടത്ത് നടത്തുന്ന സംഘം പിടിയിൽ. പോലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്നു മണിക്കൂറുകളോളം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചിക്കോട് വ്യവസായമേഖലയിലെ റൈസ് മില്ലിൽ അനധികൃതമായി സൂക്ഷിച്ച 20.6 ടൺ അരി പിടികൂടി. ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്.
തമിഴ്നാട് റേഷൻ അരിയും മറ്റ് അനധികൃത അരിയും ഫാക്ടറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നു വാളയാർ പോലീസാണ് ആദ്യം പരിശോധന ആരംഭിച്ചത്. ഇവർ വിവരം നൽകിയതിനെത്തുടർന്നു സിവിൽ സപ്ലൈസ് വകുപ്പും സ്ഥലത്തെത്തി. തുടർന്ന് അലാവൂദിൻ എന്നയാളുടെ ഉടമസ്ഥയിലുള്ള എബിആർ മോഡേൺ റൈസ് മിൽ എന്ന സ്ഥാപനത്തിൽ നിന്നാണ് അരി പിടികൂടിയത്. പിടിച്ചെടുത്ത അരിയും അനുബന്ധരേഖകളും തുടർ നിയമനടപടികൾക്കായി താലൂക്ക് സപ്ലൈ ഓഫിസർക്കു കൈമാറി. തമിഴ്നാട്ടിൽ നിന്നും മറ്റും തുച്ഛമായ വില നൽകി വാങ്ങുന്ന അരി ഇവിടെയുള്ള ഗോഡൗണിലെത്തിച്ചു പോളിഷ് ചെയ്തു വിവിധ ബ്രാൻഡുകളിലാക്കി വിപണിയിലെത്തിക്കുകയായിരുന്നന്നും ഉദ്യോഗസ്ഥസംഘം കണ്ടെത്തി. ചില്ലറ പൈസയ്ക്ക് വരെ വാങ്ങുന്ന അരി പോളിഷ് ചെയ്ത് ബ്രാൻഡാക്കി 50 മുതൽ 60 വരെ രൂപയ്ക്കാണ് പ്രതികൾ വിൽക്കാറുള്ളത്. ഇത്തരത്തിൽ വലിയ സാമ്പത്തിക ലാഭമാണ് ഈ സംഘത്തിനു ലഭിച്ചിരുന്നതെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു. പ്രദേശത്ത് അനധികൃതമായി റേഷനരി കടത്തുകയും ശേഖരിക്കുകയും ചെയ്യുന്നവർക്കെതിരെ തുടർ ദിവസങ്ങളിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു വാളയാർ എസ്ഐ വി.ഹേമലത അറിയിച്ചു.
അതേസമയം ഗോഡൗണിൽ നിന്ന് വിപണിയിലെ വൻകിട ബ്രാൻഡുകളുടെ കവറുകളും പിടിച്ചെടുത്തു. എസ്ഐ വി.ഹേമലത, താലൂക്ക് സപ്ലൈ ഓഫിസർ ഡി.ആർ.കവിത, എടിഎസ്ഒ ആർ.സനിൽ, റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.സുമ, വി.കലാധരൻ, കെ.ഐ.സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. അതേപോലെ മുൻപും ഇവിടെ നിന്ന് തമിഴ്നാട് റേഷനരിക്കൊപ്പം കേരളത്തിലെ പല ഭാഗങ്ങളിൽ നിന്ന് അനധികൃതമായി എത്തിച്ചു സൂക്ഷിച്ച റേഷനരിയും പിടികൂടിയിട്ടുണ്ട്.






