BREAKING NEWS

“പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വാക്കുകൾ ഈ കോടതി കേട്ടു, ആ വ്യക്തി ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല, ശേഷിക്കുന്ന കാലം മുഴുവൻ അയാൾ ഒരു കൂട്ടിലെന്നപോലെ കഴിയും, ആ കൂട്ടിൽത്തന്നെ അയാൾക്ക് വയസനാകും, ഒടുവിൽ അവിടെത്തന്നെ മരിക്കും!! നിന്നെയും നിന്റെ കൊച്ചു സഹോദരിയെയും അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല”…

· · 1 min read
Share: Copied!

ന്യൂഡൽഹി: താൻ “അങ്കിൾ” എന്ന് വിളിച്ചിരുന്നയാൾ വയസാകുന്നതുവരെ ജയിലിൽ തന്നെ കഴിയണമെന്ന ഏഴുവയസുകാരിയുടെ അപേക്ഷ കോടതി കേട്ടു. പ്രതിക്ക് ജീവിതകാലം മുഴുവൻ ജയിൽവാസം വിധിച്ച വിചാരണക്കോടതി ജഡ്ജി, വിധിയുടെ അവസാനം കുട്ടിയോട് നേരിട്ട് സംസാരിക്കുന്ന തരത്തിൽ എഴുതിയ ഹൃദയസ്പർശിയായ സന്ദേശവും ഇപ്പോൾ അവളിലേക്ക് എത്തിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

റോഹിണിയിലെ പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി-01 രാജ്നി രംഗയാണ് വിധിയുടെ അവസാനം ഔപചാരിക നിയമഭാഷ മാറ്റിവച്ച് കുട്ടിക്കായി പ്രത്യേക സന്ദേശം എഴുതിയത്. “അങ്കിൾ വയസാകുന്നതുവരെ അദ്ദേഹത്തെ ജയിലിൽ തന്നെ വെക്കണം” എന്ന കുട്ടിയുടെ വാക്കുകൾ കോടതി കേട്ടെന്നും അവളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും ജഡ്ജി സന്ദേശത്തിൽ വ്യക്തമാക്കി.

“പ്രിയപ്പെട്ട കുഞ്ഞേ, കോടതി നിന്നെ കേട്ടു. ആ അങ്കിൾ വയസീകുന്നതുവരെ ജയിലിൽ തന്നെ കഴിയണം’ എന്ന് നീ പറഞ്ഞപ്പോൾ കോടതി അത് കേട്ടു. ഇന്ന് നീ അങ്കിൾ എന്ന് വിളിച്ച ആ മനുഷ്യന് ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങാൻ കഴിയില്ല. ജീവിതകാലം മുഴുവൻ അയാൾ ജയിലിൽ കഴിയുകയും അവിടെ തന്നെ വയസാകുകയും ചെയ്യും. നിനക്കോ, നിന്റെ കുഞ്ഞുസഹോദരിക്കോ മറ്റേതെങ്കിലും കുട്ടിക്കോ ഇനി ഒരിക്കലും അയാൾക്ക് ഉപദ്രവം ചെയ്യാൻ കഴിയില്ല,” എന്നായിരുന്നു സന്ദേശത്തിന്റെ തുടക്കം.

അതുപോലെ കുട്ടിയുടെ ധൈര്യത്തെയും ജഡ്ജി പ്രത്യേകം പ്രശംസിച്ചു. കോടതിയിലെത്തി തന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കാണിച്ച് സത്യം പറഞ്ഞത് വലിയ ധൈര്യമാണെന്ന് അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അമ്മയോട് തുറന്നുപറഞ്ഞതിലൂടെ മറ്റൊരു കുട്ടിക്കും അയാളിൽ നിന്ന് ഉപദ്രവമുണ്ടാകാതിരിക്കാൻ സഹായിച്ചുവെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

ജഡ്ജിയുടെ വിധിന്യായത്തിലെ സന്ദേശം ഇങ്ങനെ

“പ്രിയപ്പെട്ട കുഞ്ഞേ,

മോളേ, ഈ കോടതി നിന്റെ വാക്കുകൾ കേട്ടു. ‘ആ അങ്കിൾ വയസ്സനാകുന്നത് വരെ അദ്ദേഹത്തെ ജയിലിൽ തന്നെ അടച്ചിടണം’ എന്ന് നീ പറഞ്ഞപ്പോൾ ഈ കോടതി അത് ശ്രദ്ധിച്ചു; നിന്റെ ആ അപേക്ഷ കോടതി അംഗീകരിക്കുകയും ചെയ്തു.

‘അങ്കിൾ’ എന്ന് നീ വിളിച്ച ആ വ്യക്തി ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ലെന്ന് ഈ കോടതി ഇന്ന് ഉത്തരവിട്ടിരിക്കുന്നു. തന്റെ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ അയാൾ ഒരു കൂട്ടിലെന്നപോലെ കഴിയേണ്ടിവരും; ആ കൂട്ടിൽത്തന്നെ അയാൾ വയസ്സനാകും, ഒടുവിൽ അവിടെത്തന്നെ മരിക്കുകയും ചെയ്യും. നിന്നെയും നിന്റെ കൊച്ചു സഹോദരിയെയും അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല. ഈ കോടതി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ധീരയായ കൊച്ചു പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്നു, നിന്നെ ഉപദ്രവിച്ച ആളെ ചൂണ്ടിക്കാണിച്ചു, സത്യം തുറന്നുപറഞ്ഞു.

‘അങ്കിൾ’ എന്ന് നീ വിളിച്ച ആൾ നിന്നോട് വളരെ മോശമായ ഒരു കാര്യമാണ് ചെയ്തത്. പക്ഷേ നീ മൗനം പാലിച്ചില്ല; നീ അത് നിന്റെ അമ്മയോട് പറഞ്ഞു. സംസാരിക്കാനുള്ള ആ ധൈര്യം നീ കാണിച്ചതുകൊണ്ട്, മറ്റൊരു കുട്ടിയെയും ഉപദ്രവിക്കാൻ അയാൾക്ക് ഇനി ഒരിക്കലും കഴിയില്ല.

നിനക്ക് നഷ്ടപ്പെട്ട ബാല്യം തിരികെ നൽകാൻ ഈ കോടതിക്ക് കഴിയില്ല. എന്നാൽ നിന്റെ വാക്കുകൾ ഞങ്ങൾ കേട്ടു എന്നും നിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു എന്നും ഉറപ്പുനൽകാൻ കോടതിക്ക് സാധിക്കും. നിന്നെ ഉപദ്രവിച്ച ആ വ്യക്തിക്ക് ഇനി ഒരിക്കലും ഒരു സ്വതന്ത്ര മനുഷ്യനായി സൂര്യപ്രകാശം കാണാൻ കഴിയില്ല. ഇനി, മോളേ, നിന്റെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകൂ. സ്കൂളിൽ പോകൂ, കൂട്ടുകാരെ ഉണ്ടാക്കൂ, ചിരിക്കൂ, കളിക്കൂ, സ്വപ്നങ്ങൾ കാണൂ. നിന്റെ ഈ ധീരത ഈ കോടതി എപ്പോഴും ഓർമ്മിക്കും.”

അതേസമയം ഈ സന്ദേശം കുട്ടിക്കും കുടുംബത്തിനും കൈമാറണമെന്ന് ഡൽഹി ഹൈക്കോടതി നോർത്ത്-വെസ്റ്റ് ഡൽഹി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് (DLSA) നിർദേശിച്ചു. സന്ദേശം അച്ചടിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ കുട്ടിക്കോ കുടുംബത്തിനോ കൈമാറണമെന്നും അതോടൊപ്പം കോടതി നിശ്ചയിച്ച നഷ്ടപരിഹാര തുകയും നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2026 സെപ്റ്റംബർ 22-ന് ജസ്റ്റിസ് പ്രതിഭ എം. സിംഗും ജസ്റ്റിസ് ദിനേഷ് ഭട്ടും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ജൂലൈ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് കുട്ടിക്ക് ഏഴ് വയസായിരുന്നു. ഇപ്പോൾ അവൾക്ക് പത്ത് വയസാണ്. വിചാരണക്കോടതി കുട്ടിക്കായി എഴുതിയ കുറിപ്പ് “ധൈര്യത്തിന്റെ സന്ദേശം” എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. പ്രതിയായ സുമിത് ശാക്യ സമർപ്പിച്ച ക്രിമിനൽ അപ്പീലിലാണ് ഹൈക്കോടതി വിഷയം പരിഗണിച്ചത്. 12 വയസിന് താഴെയുള്ള കുട്ടിക്കെതിരായ ഗുരുതരമായ ലൈംഗികാതിക്രമത്തിനും ക്രിമിനൽ ഭീഷണിപ്പെടുത്തലിനുമാണ് വിചാരണക്കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.

പോക്സോ നിയമപ്രകാരം സ്വാഭാവിക ജീവിതകാലം മുഴുവൻ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചു. ക്രിമിനൽ ഭീഷണിപ്പെടുത്തലിന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും വേറെയും വിധിച്ചു. എന്നാൽ രണ്ട് തടവുശിക്ഷകളും ഒരേസമയം അനുഭവിക്കേണ്ടതാണ്. കൂടാതെ കുട്ടിക്കും കുടുംബത്തിനുമായി 10.50 ലക്ഷം രൂപ നഷ്ടപരിഹാരവും വിചാരണക്കോടതി നിശ്ചയിച്ചു. കുട്ടി നേരിട്ട മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ, കുടുംബത്തിനുണ്ടായ ആഘാതം, കുറ്റകൃത്യത്തിന്റെ സ്വഭാവം, അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

നഷ്ടപരിഹാര തുക ഇതുവരെ കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി DLSA സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതേസമയം, ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിട്ടയക്കണമെന്ന പ്രതിയുടെ ആവശ്യത്തിൽ ഹൈക്കോടതി ഇപ്പോൾ ഇടപെട്ടില്ല. കേസിലെ തെളിവുകളും ഫോറൻസിക് തെളിവുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചപ്പോൾ ഈ ഘട്ടത്തിൽ ശിക്ഷ മരവിപ്പിക്കാൻ താൽപര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. DLSA സമർപ്പിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് 2026 നവംബർ 4-ന് ഹൈക്കോടതി പരിഗണിക്കും. പ്രതിയുടെ അപ്പീൽ വീണ്ടും 2027 ജനുവരി 20-ന് പരിഗണിക്കാൻ മാറ്റിവെച്ചു.

 

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026