കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഹിമപാതത്തെ തുടർന്ന് 10 പേരെ കാണാതായി. 7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാൽ പർവതത്തിന്റെ ബേസ് ക്യാമ്പിലാണ് ഞായറാഴ്ച ഹിമപാതമുണ്ടായത്. കാണാതായവരിൽ പർവതാരോഹകരും സഹായ ജീവനക്കാരും ഉൾപ്പെടുന്നു. ഇവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
തുടർച്ചയായ മഴയും കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും ബേസ് ക്യാമ്പിൽനിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് മാറിയിരുന്നു. എന്നാൽ ചിലർ അവിടെ തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ മഴയെ തുടർന്ന് പ്രളയവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രൂപന്ദേഹി ജില്ലയിലെ തിനൗ നദി കരകവിഞ്ഞതിനെ തുടർന്ന് ബുട്‌വാളിൽ വീടുകൾക്ക് നാശനഷ്ടമുണ്ടായി. നദീതീരങ്ങളിൽനിന്ന് നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചിറ്റ്വാൻ ജില്ലയിൽ നാരായണി, റിയു നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. കർണാലി മേഖലയിലും തുളി ഭേരി, കർണാലി നദികളിലെ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി നിലനിൽക്കുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്നതിനാൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
ഓഗസ്റ്റ് 26ന് നേപ്പാളിൽ ഉണ്ടായ ഭോതേകോശി പ്രളയദുരന്തത്തിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിക്കുകയും ആയിരക്കണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 19ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1,411 പേർ മരിക്കുകയും 5,875 പേരെ കാണാതാവുകയും ചെയ്തിരുന്നു. 13,784 പേരെ രക്ഷപ്പെടുത്തിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.




