ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ പേര് പരാമർശിക്കാതെ വിമർശനവുമായി പിണറായി വിജയൻ. ബിഡിജെഎസ് വഴിയും മറ്റും അന്യമതവിദ്വേഷം കുത്തിവച്ച് ആർഎസ്എസിൻറെ കടന്നുകയറ്റത്തിന് എസ്എൻഡിപി യോഗ നേതൃത്വം കൂട്ടുനിന്നെന്നായിരുന്നു പിണറായിയുടെ വിമർശനം. വിപുലീകൃത ജില്ലാ കമ്മിറ്റിയിലായിരുന്നു പ്രതിപക്ഷനേതാവിന്റെ ഒളിയമ്പ്.
എസ്എൻഡിപിയിലെ ഭൂരിപക്ഷവും മതേതര നിലപാടും ഇടതുപക്ഷ മനസുമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന് വിപരീതമാണ് എൻഎസ്എസിലെ സ്ഥിതിയെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. എൻഎസ്എസ് നേതൃത്വം വർഗീയ ശക്തികൾക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും താഴെത്തട്ടിൽ കാവിവത്കരണം ശക്തമായെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സംസ്ഥാന സമിതിയുടെ തിരുത്തൽ രേഖയിലാണ് പിണറായി എസ്എൻഡിപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.





