മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ കുടുംബക്കോടതിയിൽ വാദം കേട്ടതിന് പിന്നാലെ ഭാര്യയും ഭർത്താവും തമ്മിൽ കോടതി വളപ്പിൽവച്ചു സംഘർഷം. സെപ്റ്റംബർ 24ന് കുടുംബക്കോടതി വളപ്പിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. അടി ഇരുകൂട്ടരുടെയും ബന്ധുക്കൾ ഏറ്റെടുത്തതോടെ കോടതി വളപ്പ് സംഘർഷഭരിതായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്തു.
മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തെ കുടുംബക്കോടതിയിലാണ് സംഭവം. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പ്രിയ ത്രിപാഠിയും ഭർത്താവ് മനീഷ് കുമാർ മിശ്രയും തമ്മിലുള്ള ജീവനാംശ തർക്കം കോടതിയുടെ പരിഗണനയിലായിരുന്നു. സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കേസ് പരിഗണിച്ചത്. ഈസമയം പ്രിയയുടെ പിതാവ് ലക്ഷ്മികാന്ത് കേസിൽ മൊഴി നൽകാനായി കോടതിയിൽ എത്തിയിരുന്നു.
കോടതിയിലെ നടപടികൾ പൂർത്തിയായ ശേഷം പ്രിയയും സഹോദരി പ്രിയങ്കയും പിതാവ് ലക്ഷ്മികാന്തും കോടതിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി താഴത്തെ നിലയിലെ ഹാളിലെത്തി. ഇതിനിടെയാണ് മനീഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും ഇവിടെയെത്തിയതെന്നാണ് പ്രിയയുടെ പരാതിയിൽ പറയുന്നത്.
മനീഷ് തന്റെ മുടിയിൽ പിടിച്ച് വലിക്കുകയും മർദിക്കുകയും ചെയ്തതായി പ്രിയ ആരോപിച്ചു. തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും കഴുത്ത് ഞെരിക്കാൻ ശ്രമിച്ചെന്നും മുഖത്ത് അടിച്ചുവെന്നും പരാതിയിൽ പറയുന്നു. പിതാവും സഹോദരിയും ഇടപെട്ടപ്പോൾ അവരെയും ആക്രമിച്ചതായും പ്രിയ ആരോപിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും കൂടെയുണ്ടായിരുന്നവർ തമ്മിലും സംഘർഷമുണ്ടായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ പ്രിയയെ ആക്രമിച്ചതിന് പിന്നാലെ അവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ മനീഷിനെ അടിക്കുന്നതായി കാണാം. തുടർന്ന് ഇരുവിഭാഗത്തുമുള്ളവർ പരസ്പരം മുഖത്തടിക്കുകയും മർദിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തുണ്ടായിരുന്നവർ സംഘർഷം നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.
കോടതി വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇടപെട്ടതോടെയാണ് സംഘർഷം അവസാനിച്ചത്. ഇരുകൂട്ടരെയും മാറ്റിനിർത്തി പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവത്തിന് പിന്നാലെ പ്രിയ കോട്വാലി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് തനിക്ക് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായും പരാതിയിൽ അവർ ആരോപിച്ചിട്ടുണ്ട്. തന്നെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കോട്വാലി മഹാരാജ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര സിങ് സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബക്കോടതിയിൽ പരിഗണനയിലുള്ള ദാമ്പത്യ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ യഥാർഥ സാഹചര്യം, ഇരുകൂട്ടരുടെയും ആരോപണങ്ങൾ, ഏറ്റുമുട്ടലിന്റെ കൃത്യമായ ക്രമം എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Women were being assualted inside court in Maharajganj, UP. An elderly man walks up to one of the attackers and lands a perfect slap. The satisfying “chattt” sound of the slap reverberated in the premises. https://t.co/RX7esmNOmY
— Piyush Rai (@Benarasiyaa) September 26, 2026






