ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിട്ട് ഇറാൻ. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കേന്ദ്രം സന്ദർശിക്കുന്ന ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. ഇറാൻ സായുധസേനാ മേധാവി അലി അബ്ദൊല്ലാഹിയും റെവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ മജീദ് മൗസവിയുമാണ് കേന്ദ്രത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. ചൊവ്വാഴ്ച ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
എന്നാൽ ഈ മിസൈൽ കേന്ദ്രം എവിടെയാണെന്നോ സന്ദർശനം എപ്പോൾ ചിത്രീകരിച്ചതാണെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വലിയ ഭൂഗർഭ തുരങ്ക സമുച്ചയമാണ് ദൃശ്യങ്ങളിലുള്ളത്. ട്രെയിലറുകളിലും പ്രത്യേക സ്റ്റാൻഡുകളിലുമായി നിരത്തിവച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ എന്നിവയും ദൃശ്യങ്ങളിൽ കാണാം. ഇറാന്റെ ദേശീയ പതാകകളും റെവല്യൂഷണറി ഗാർഡ്സിന്റെ ബാനറുകളും കേന്ദ്രത്തിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
Two senior Iranian commanders appear in newly released footage touring an underground facility that the Revolutionary Guards describe as a new “missile city.” The video was published by Tasnim, a news agency affiliated with the IRGC. https://t.co/v0pHX6f3lN
— Open Source Intel (@Osint613) November 10, 2026
അതേസമയം, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പും സന്ദർശനത്തിനിടെ അലി അബ്ദൊല്ലാഹി നൽകി. ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ തിരിച്ചടി പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. “ശത്രു ഞങ്ങൾക്കെതിരെ വീണ്ടും നീക്കം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും,” അബ്ദൊല്ലാഹി പറഞ്ഞു.
അതേസമയം പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിടാനുള്ള പദ്ധതി റെവല്യൂഷണറി ഗാർഡ്സ് കഴിഞ്ഞ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വ്യോമാക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും യുദ്ധസാഹചര്യത്തിലും ആയുധ നിർമാണം തുടരുന്നതിനുമായി മിസൈൽ ഉൽപ്പാദനത്തിന്റെ ഒരു ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഐആർജിസി വക്താവ് ഹൊസൈൻ മൊഹെബ്ബി വ്യക്തമാക്കിയിരുന്നു.
അമേരിക്കയും ഇസ്രയേലും ഉൾപ്പെട്ട സംഘർഷം കൂടുതൽ രൂക്ഷമായാൽ ഇതുവരെ പുറത്തുവിടാത്ത ആയുധങ്ങൾ പോലും ഇറാൻ ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കണമോയെന്ന് അമേരിക്ക ആലോചിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഈ മാസം ആദ്യം ഖേഷം ദ്വീപിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു.
ഇറാന്റെ ഭൂഗർഭ മിസൈൽ നഗരങ്ങൾ
‘മിസൈൽ നഗരങ്ങൾ’ എന്നാണ് ഇത്തരം ഭൂഗർഭ കേന്ദ്രങ്ങളെ ഇറാൻ വിശേഷിപ്പിക്കുന്നത്. മിസൈലുകൾ സൂക്ഷിക്കുന്നതിനും അവ വിക്ഷേപിക്കുന്നതിനുമാണ് ഇവ ഉപയോഗിക്കുന്നത്. ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളിൽനിന്ന് മിസൈൽ ശേഖരങ്ങളെയും വിക്ഷേപണ സംവിധാനങ്ങളെയും സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ആയുധങ്ങളും ഉൽപ്പാദന കേന്ദ്രങ്ങളും ഭൂമിക്കടിയിലേക്ക് മാറ്റുന്നതിലൂടെ യുദ്ധസമയത്തും സൈനിക പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ.
അതേസമയംഇറാന്റെ ഈ ഭൂഗർഭ കേന്ദ്രങ്ങളുടെ ശൃംഖലയെ ലക്ഷ്യമിട്ട് ഇസ്രയേൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ യുദ്ധത്തിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ, ഇവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇസ്രയേൽ സൈന്യം ആക്രമിച്ചിരുന്നു. ഇറാന്റെ തിരിച്ചടിക്കാനുള്ള ശേഷി കുറയ്ക്കുകയായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം.
എന്നാൽ ആക്രമണങ്ങളിൽ തകർന്ന കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഇറാൻ പിന്നീട് ആരംഭിച്ചു. യുദ്ധത്തിനിടെ ആക്രമിക്കപ്പെട്ട മിസൈൽ താവളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതായി ഫെബ്രുവരിയിൽ റോയിട്ടേഴ്സ് പരിശോധിച്ച ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. അതീവ സുരക്ഷയുള്ള സൈനിക, ആണവ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും അവയുടെ സ്ഥാനം മറച്ചുവയ്ക്കാനുമുള്ള ശ്രമങ്ങളും ചിത്രങ്ങളിൽ കണ്ടെത്തിയിരുന്നു.
ഇറാന്റെ മിസൈൽ ശൃംഖല ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും മറ്റൊരു യുദ്ധസാഹചര്യത്തെ നേരിടാൻ രാജ്യം തയ്യാറെടുക്കുകയാണെന്നും ലോകത്തിന് മുന്നിൽ വ്യക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഭൂഗർഭ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.