ഇടുക്കി: ഉപ്പുതറയിൽ ഭാര്യയ്ക്കൊപ്പം മധുവിധു ആഘോഷിക്കാനിറങ്ങിയ യുവാവ് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മരിച്ചു. പത്തനംതിട്ട അടൂർ വടക്കടത്തുകാവ് അഭിഷേകം വീട്ടിൽ അഭിഷേക് എസ്. നായർ (28) ആണ് ചിന്നാർ പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ കാവ്യ ഉൾപ്പെടെ നാലുപേർക്ക് പരുക്കേറ്റു. ഓഗസ്റ്റ് ഒൻപതിനായിരുന്നു അഭിഷേകിന്റെയും കാവ്യയുടെയും വിവാഹം. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച അഭിഷേകും ഭാര്യ കാവ്യയും സുഹൃത്തുക്കളായ സൗരവ്, അഭിറാം, അഫ്സൽ എന്നിവരും ചേർന്ന് ടൂർ പോയത്. ഇവർ കുട്ടിക്കാനത്താണ് മുറിയെടുത്തത്. ഈ സംഘത്തിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് വിഷ്ണുവും ഭാര്യയും കുമളിയിലെ റിസോർട്ടാണ് എടുത്തത്. ഇവരുടെ അടുത്തേക്ക് അഭിഷേകും മറ്റുള്ളവരും പോകുമ്പോഴായിരുന്നു അപകടം.
അപകട സമയം സൗരവായിരുന്നു കാറോടിച്ചത്. മൂന്നാംമൈൽ ഇറക്കമിറങ്ങി നാലാംമൈൽ പാലത്തിലേക്ക് കയറുന്നതിനിടെ വളവ് തിരിയാതെ കാറിന്റെ നിയന്ത്രണം നഷ്ടമായി. ഈ സമയം പാലത്തിന് ഇടതുവശത്ത് ക്രാഷ് ബാരിയർ തകർന്നിരിക്കുകയായിരുന്നു. ഈ ഭാഗത്തുകൂടി പുഴയിലേക്ക് കാർ കീഴ്മേൽ മറിഞ്ഞു. വീഴ്ചയിൽ ചില്ലുകൾ തകർന്ന ഭാഗത്തുകൂടി സൗരവും അഭിറാമും പുറത്തിറങ്ങി. അപ്പോഴേക്കും ടൗണിലുണ്ടായിരുന്ന നാട്ടുകാരും ഓടിയെത്തി കാവ്യയെ ആദ്യം പുറത്തെടുത്തു.
പിന്നാലെ മുൻസീറ്റിലിരുന്ന അഭിഷേകിനെ ചില്ലു തകർത്ത് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്ത് റോഡിലെത്തിച്ചത്. സിപിആർ നൽകിയശേഷം ഉടൻ അടുത്തുള്ള ആംബുലൻസ് വരുത്തി പീരുമേട് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ള നാലുപേർക്കും നിസ്സാര പരുക്കേയുള്ളു.
സുകുമാർ- ലക്ഷ്മി ദമ്പതിമാരുടെ മകനാണ് അഭിഷേക്. നാട്ടിൽ ഹാർഡ്‌വെയർ ബിസിനസ് നടത്തുകയായിരുന്നു. സഹോദരൻ അഭിജിത്ത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു.




