മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായിൽനിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ജോൺ (ഓനിച്ചൻ)–പരേതയായ മേരി ദമ്പതികളുടെ മകൻ ദീപു ജോൺ (33) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 7.45ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് എൽ.എഫ്. സ്കൂൾ കവല ഭാഗത്തേക്ക് ബുള്ളറ്റിൽ വരികയായിരുന്നു ദീപു. ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിന് മുന്നിൽവെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ ദീപു വാഹനത്തിൽനിന്ന് തെറിച്ചുപോയി. ഇതിനിടെ എതിർദിശയിൽ വരികയായിരുന്ന റിക്കവറി വാഹനത്തിനടിയിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.
രണ്ടാഴ്ച മുൻപാണ് ദീപു ദുബായിൽനിന്ന് നാട്ടിലെത്തിയത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു കുട്ടിയുണ്ട്. സഹോദരി: ദിവ്യ ജോൺ.




