തൃശൂർ: നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്തവീട്ടിൽ രാംവിലാസ് (30) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ എറണാകുളത്തുനിന്നാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കളരിപ്പറമ്പ് കുന്നത്ത് വീട്ടിൽ സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യം വാക്കുതർക്കമുണ്ടായത്.
ഭാര്യയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിർത്തി രാംവിലാസ് മർദിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് സലീഷിനെ വീടിന്റെ പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിച്ചു. തടയാൻ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും പ്രതി ആക്രമിച്ചു.
തുടർന്ന് നാലുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ എറണാകുളത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
മതിലകം പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസുകളും അഞ്ച് അടിപിടിക്കേസുകളും ഉൾപ്പെടെ പത്ത് ക്രിമിനൽ കേസുകളിൽ രാംവിലാസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് തവണ കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിട്ടുമുണ്ട്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. രതീഷ് കുമാർ ആർ, മതിലകം പൊലീസ് ഇൻസ്പെക്ടർ വിമൽ, എസ്.എച്ച്.ഒ. നസിയ എം. സാഹിബ്, എസ്.ഐ. സഞ്ജയ്, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിഥുൻ ആർ. കൃഷ്ണ, ഷനിൽ, മുഹമ്മദ് സൻസിൽ, സിവിൽ പൊലീസ് ഓഫീസർ മിഥുൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.




