കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഹെലികോപ്റ്ററിൽ ഇറങ്ങി സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് വരുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഉച്ചയ്ക്ക് 2:35-ഓടെയാണ് കൊല്ലം ആശ്രമം മൈതാനത്ത് അമിത് ഷാ എത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ഇതോടെ വാഹനവ്യൂഹത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടനെ ഇടപെട്ട് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. എട്ടോളം പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇതിനിടെ ആശ്രമം മൈതാനത്ത് എത്തിയിരുന്ന നൂറുകണക്കിന് ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ഥലത്ത് ചെറിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അതേസമയം ഡൽഹിയിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അമിത് ഷായ്‌ക്കെതിരെയും കരിങ്കൊടി കാണിച്ചത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളും അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാറ്റിയ ശേഷം അമിത് ഷാ റോഡ് മാർഗം കുണ്ടറയിലേക്ക് യാത്ര തിരിച്ചു. കുണ്ടറയിലെ സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനവും തുടർന്ന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങും പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചുപോകും.




