എലത്തൂർ: കാറപകടത്തെ തുടർന്ന് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ട യുവാവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അപകടസ്ഥലത്ത് മയക്കുമരുന്ന് കൊണ്ടുവന്ന് വെച്ച് യുവാവ് വലിച്ചെറിഞ്ഞതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. എരഞ്ഞിക്കൽ നരിക്കുനി പറമ്പിൽ എം.കെ. ശരൺകുമാർ (29), എടക്കാട് പാലക്കട നെച്ചുകുളത്തിൽ രാകേഷ് (36), വെസ്റ്റ്ഹിൽ എൻജിനിയറിങ് കോളേജിന് സമീപം വലിയപറമ്പ് മണികണ്ഠൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 26ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന അവിനാഷ് ഓടിച്ച കാർ നെച്ചിക്കുളത്ത് കരിങ്കൽക്കെട്ടിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുമായും പൊലീസുമായും അവിനാഷും സുഹൃത്തുക്കളും തർക്കത്തിലേർപ്പെട്ടു.
പൊലീസും നാട്ടുകാരും ചേർന്ന് വാഹനവും പരിസരവും പരിശോധിച്ചെങ്കിലും അന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അവിനാഷിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തിരുന്നു. എന്നാൽ, കാറിലുണ്ടായിരുന്ന അവിനാഷിനോടുള്ള മുൻവിരോധം തീർക്കുന്നതിനായി ഇയാളെ ലഹരിക്കേസിൽ കുടുക്കാൻ പ്രതികൾ പദ്ധതിയിട്ടതായാണ് പൊലീസ് പറയുന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, രണ്ടാം പ്രതി 0.09 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പും അഞ്ച് ഗ്രാം ഹാഷിഷ് ഓയിലും അപകടസ്ഥലത്ത് കൊണ്ടുവന്ന് വെക്കുകയായിരുന്നു. തുടർന്ന് ഇവ അവിനാഷ് വലിച്ചെറിഞ്ഞതാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. എന്നാൽ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ വാഹനത്തിൽ പൊലീസ് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു.
എലത്തൂർ എസ്.എച്ച്.ഒ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ എസ്.കെ. പ്രവീൺകുമാർ, എ.എസ്.ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ അതുൽ, വൈശാഖ്, സജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




