കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ഉടമ തന്റെ നിയോജക മണ്ഡലത്തിലുള്ള ആളും വ്യക്തിപരമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവാണ്. ഈ കുടുംബത്തിന്റെ ചടങ്ങുകളിൽ താൻ പതിവായി പങ്കെടുക്കാറുണ്ട്. മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് വിമാനത്തിന്റെ ഉടമ. തനിക്ക് വോട്ടു ചെയ്യുന്ന കുടുംബമാണത്. വോട്ടർമാരും സുഹൃത്തുക്കളുമായ ഒരു കുടുംബത്തിൽനിന്ന് താൽക്കാലികമായി ലഭിച്ച സഹായത്തിൽ അദ്ഭുതപ്പെടാനൊന്നുമില്ല. അപ്രതീക്ഷിതമായി ഒരു പ്രകൃതിക്ഷോഭമുണ്ടായി മുഖ്യമന്ത്രി കയ്യുംകെട്ടി കസേരയിൽ ഇരുന്നാൽ മതിയോ? അവിടെയെത്തണ്ടെ, അവർക്കുവേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടുക്കേണ്ടേ. അതിനു സൗകര്യമായ ഏതു മോഡ് ഓഫ് ട്രാൻസ്പോട്ടേഷനും സ്വീകരിക്കാം. ഞാനാണെങ്കിലും അതേ ചെയ്യു…
നമ്മൾ ചിന്ന കാര്യങ്ങൾക്കായി കെട്ടിയ കുറ്റിയിൽ കിടന്ന് വട്ടംകറങ്ങിക്കൊണ്ടിരിക്കയാണ്, അതിനപ്പുറത്തൊരു ലോകമില്ലേ? ചെറിയ തർക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കും സ്പീക്കർ മറുപടി പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മന്ത്രിമാർ വിദേശയാത്ര ചെയ്യുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.




