കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ 15കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് നൽകിയതായി കുടുംബത്തിന്റെ പരാതി. കാൽവിരലിലുണ്ടായ അലർജിയെ തുടർന്ന് ചികിത്സയ്ക്കെത്തിയ കുട്ടിക്കാണ് ജൂലൈയിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതെന്നാണ് ആരോപണം.
ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽനിന്നാണ് കുട്ടി വാങ്ങിയത്. തുടർന്ന് മൂന്ന് ദിവസം മരുന്ന് കഴിച്ചു. ഇതിനുശേഷമാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞതായി കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡോക്ടർ വിഷയം നിസാരവത്കരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്.
അതേസമയം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായിരിക്കെയാണ് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന പരാതി ഉയരുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ.
മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനായി ആശുപത്രികൾക്ക് പരമാവധി ലോക്കൽ പർച്ചേസിങ് നടത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വലിയ തോതിലുള്ള കുടിശ്ശിക നിലനിൽക്കുന്നതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ സ്വകാര്യ വിതരണക്കാർ വിമുഖത കാണിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
അടുത്തയാഴ്ചയോടെ പുതിയ മരുന്ന് സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ പുതിയ സ്റ്റോക്ക് വൈകിയാൽ സാഹചര്യം കൂടുതൽ സങ്കീർണമാകുമെന്ന് ആശുപത്രി അധികൃതർ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.




