ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ വർധന. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഇരകളാകുന്ന ലൈംഗികാതിക്രമ, പീഡന കേസുകളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ കേസുകൾ വർധിക്കുമ്പോഴും പ്രതികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് താരതമ്യേന കുറവാണെന്നതാണ് ആശങ്ക ഉയർത്തുന്നത്.
2015ൽ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ഇരയായ 10,934 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. 2024ൽ ഇത് 43,675 ആയി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020നും 2024നും ഇടയിൽ മാത്രം പ്രായപൂർത്തിയാകാത്ത 1.83 ലക്ഷം പെൺകുട്ടികൾ പീഡനക്കേസുകളിൽ ഇരയായതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈംഗികാതിക്രമ കേസുകളിൽ 96,505 പ്രായപൂർത്തിയാകാത്തവർ ഇരകളായതായും കണക്കുകൾ വ്യക്തമാക്കുന്നു.
കേസുകൾ വർധിച്ചതിന് കുറ്റകൃത്യങ്ങളുടെ വർധനയ്ക്കൊപ്പം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ അവബോധം വർധിച്ചതും നിയമപരമായ നിർവചനങ്ങളിലുണ്ടായ മാറ്റങ്ങളും കാരണമാകാമെന്നാണ് വിലയിരുത്തൽ. 2012ൽ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി പോക്സോ നിയമം നിലവിൽ വന്നെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.
രാജ്യത്ത് പ്രതിദിനം നൂറിലധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാണ് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരകളിൽ പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടുന്നു. പല കേസുകളിലും കുട്ടികൾക്ക് നേരത്തെ പരിചയമുള്ളവരും ബന്ധുക്കളും അയൽവാസികളും പ്രതികളാകുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
അതേസമയം, കേസുകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ശിക്ഷാവിധികളുടെ എണ്ണം ഉയരുന്നില്ല. അന്വേഷണം പൂർത്തിയാക്കുന്നതിലെ കാലതാമസം, ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത, അന്വേഷണത്തിലെ വീഴ്ചകൾ, വിചാരണ നീണ്ടുപോകുന്നത് തുടങ്ങിയവ കേസുകളുടെ തീർപ്പാക്കലിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.
കേസുകൾ വർഷങ്ങളോളം നീളുന്നത് ഇരകളായ കുട്ടികൾക്കും കുടുംബങ്ങൾക്കും വലിയ സമ്മർദമുണ്ടാക്കുന്നു. സാക്ഷികൾ മൊഴി മാറ്റാനുള്ള സാധ്യതയും ഇതോടെ വർധിക്കുന്നു. ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി കേസുകൾ ഇപ്പോഴും തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ നിയമങ്ങൾ കർശനമാക്കുന്നതിനൊപ്പം അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുകയും ആധുനിക ശാസ്ത്രീയ തെളിവുശേഖരണ രീതികൾ ശക്തിപ്പെടുത്തുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കേസുകളിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ കുട്ടികൾക്ക് നീതി ഉറപ്പാക്കാനാകൂവെന്നതാണ് കണക്കുകൾ നൽകുന്ന പ്രധാന സന്ദേശം.





