തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെയാണ് സ്വർണക്കിരീടത്തിന് പകരം മുക്കുപണ്ടത്തിൽ നിർമിച്ച കിരീടമാണ് സ്ട്രോങ്റൂമിലുള്ളതെന്ന് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം ശബരിമലയിൽ സമർപ്പിച്ചത്. അന്ന് കിരീടത്തിന്റെ ആകെ തൂക്കം 445.78 ഗ്രാം എന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ട്രോങ്റൂമിലുള്ള കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കം. സ്വർണക്കിരീടത്തിന്റെ അതേ രൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ട കിരീടമാണിത്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകളും ഇതിൽ പതിച്ചിട്ടുണ്ട്.
2012 ഓഗസ്റ്റ് 17-ന് ചിങ്ങപ്പുലരിയിൽ നടതുറന്നപ്പോഴാണ് തമിഴ്നാട്ടിൽനിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ അയ്യപ്പഭക്തർ കിരീടം നടയ്ക്കുവെച്ചത്. ഇതിന് രസീത് നൽകിയിരുന്നു. തുടർന്ന് ശ്രീകോവിലിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ കിരീടം പിന്നീട് സന്നിധാനത്തെ സ്ട്രോങ്റൂമിലേക്ക് മാറ്റുകയായിരുന്നു.
ശബരിമലയിലെ സ്ട്രോങ്റൂമിൽ സി.സി.ടി.വി. നിരീക്ഷണമില്ലെന്നാണ് വിവരം. സന്നിധാനത്ത് ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ താത്കാലികമായി ഇവിടെ സൂക്ഷിച്ചശേഷം ആറന്മുളയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ട്രോങ്റൂമിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ ഈ സ്വർണക്കിരീടം ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ല. കിരീടത്തിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ.
ഇതിനിടെ ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്ട്രോങ്റൂമിൽനിന്ന് നാലുപവൻ തൂക്കമുള്ള സ്വർണമാലയും കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് സമീപത്തെ ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. സംഭവങ്ങളിൽ അന്വേഷണം നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിർദേശം നൽകി.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലെത്തിച്ചിരിക്കെയാണ് സ്വർണക്കിരീടം കാണാതായ വിവരം പുറത്തുവരുന്നത്.
ശബരിമല സ്ട്രോങ്റൂം തുറക്കുന്നതിനും വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും കൃത്യമായ നടപടിക്രമങ്ങളുണ്ട്. പകൽസമയത്ത് മാത്രമേ സ്ട്രോങ്റൂം തുറക്കാവൂ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കൈവശമാണ് താക്കോൽ. എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്റൂം തുറക്കേണ്ടത്. തുറക്കുന്നതുമുതൽ അടയ്ക്കുന്നതുവരെയുള്ള നടപടികൾ മഹസറിൽ രേഖപ്പെടുത്തുകയും ദേവസ്വം ഗാർഡിന്റെ സാന്നിധ്യവും ഒപ്പും ഉറപ്പാക്കുകയും വേണം. സംഭവത്തിൽ ഈ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതടക്കം അന്വേഷണത്തിൽ പരിശോധിക്കും.




