ന്യൂഡൽഹി: ബിജെപി നേതാക്കൾക്ക് രസകരമായ ‘ഡേറ്റിങ് ഉപദേശ’ങ്ങളുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രധാന ബിജെപി നേതാക്കളെ പരിഹസിച്ചുകൊണ്ട് ദിപ്കെ ‘ഡേറ്റിങ് അഡ്വൈസ്’ നൽകിയത്. ‘ആസ്ക് മി എ ക്വസ്റ്റ്യൻ’ എന്ന പോസ്റ്റിന് ഫോളോവർമാർ നൽകിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഡേറ്റിങ് ഉപദേശം എന്താണെന്നായിരുന്നു ഒരു ചോദ്യം. ഇതിന് ‘ഇതും നെഹ്റുവിന്റെ തെറ്റാണ്’ എന്ന് തുടങ്ങാത്ത പിക്കപ്പ് ലൈനുകൾ ഉപയോഗിച്ച് ശ്രമിക്കണമെന്നായിരുന്നു ദിപ്കെയുടെ പരിഹാസ മറുപടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ഡേറ്റിങ് അഡ്വൈസ് എന്താണെന്നായിരുന്നു മറ്റൊരു ചോദ്യം. ‘മറ്റൊരാളുടെ പങ്കാളിയെ അടിച്ചുമാറ്റരുത്’ എന്നായിരുന്നു ഇതിന് ദിപ്കെ നൽകിയ മറുപടി. മറ്റ് പാർട്ടികളിൽനിന്നുള്ള എംപിമാരെയും എംഎൽഎമാരെയും ബിജെപിയിലേക്ക് എത്തിക്കുന്നതിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു പരാമർശം.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെക്കുറിച്ചുള്ള ചോദ്യത്തിനും ദിപ്കെ രാഷ്ട്രീയ പരിഹാസം കലർത്തിയായിരുന്നു മറുപടി നൽകിയത്. ഡേറ്റിങ് പങ്കാളിയുടെ പേഴ്സിൽ തൊടരുതെന്നായിരുന്നു നിർമലാ സീതാരാമന് നൽകിയ ‘ഉപദേശം’.
രാഷ്ട്രീയ വിഷയങ്ങളെ പരിഹാസരൂപത്തിൽ അവതരിപ്പിക്കുന്ന ദിപ്കെയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഭാഗമായാണ് പുതിയ ‘ഡേറ്റിങ് ഉപദേശങ്ങളും’ ശ്രദ്ധ നേടുന്നത്.




