BREAKING NEWS

‘ആരും തരില്ല; ആകെ പ്രതീക്ഷയുണ്ടായിരുന്ന ഹിമാചലും കൈയ്യൊഴിഞ്ഞു’; കേരളത്തിന് തിരിച്ചടി, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഉടൻ വൈദ്യുതി ലഭിക്കില്ലെന്ന് കെ.എസ്.ഇ.ബി. ഡയറക്ടർമാർ നടത്തിയ ചർച്ചകളിൽ വ്യക്തമായി. വൈദ്യുതി ലഭ്യമാക്കുന്നതിനായി ഡൽഹി, ഉത്തർപ്രദേശ്, ഒഡിഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി നടത്തിയ ചർച്ചകൾ കാര്യമായ ഫലം കണ്ടില്ല.

ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇടപെട്ടിരുന്നു. എന്നാൽ നിലവിൽ ഒക്ടോബർവരെ പഞ്ചാബുമായി ഹിമാചലിന് വൈദ്യുതി കരാറുണ്ട്. ഈ കരാർ അവസാനിച്ചതിന് ശേഷം കേരളത്തിന് വൈദ്യുതി നൽകുന്നത് പരിഗണിക്കാമെന്നാണ് ഹിമാചൽ അറിയിച്ചത്.

കേരളത്തിലെ വൈദ്യുതി ഉപഭോഗം കുറയാതിരിക്കുകയും തത്സമയ വൈദ്യുതിവിപണിയിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചിട്ടും തിങ്കളാഴ്ചയും വൈദ്യുതി നിയന്ത്രണം നേരിട്ടിരുന്നു.

നിലയങ്ങളിലെ തകരാർ കാരണം ദീർഘകാല കരാറുകളിലൂടെ ലഭിക്കേണ്ട 270 മെഗാവാട്ട് വൈദ്യുതി മുടങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ബുധനാഴ്ചയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ചയും ഏകദേശം 600 മെഗാവാട്ടിന്റെ കുറവുണ്ടായി.

അതേസമയം, അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുള്ളതിനാൽ ചില ദിവസങ്ങളിൽ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. എന്നാൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഇപ്പോഴും ശരാശരി ഒൻപത് കോടി യൂണിറ്റായി തുടരുകയാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ കെ.എസ്.ഇ.ബി. ഡയറക്ടർമാർ സെപ്റ്റംബർ 25-ന് കേരളത്തിൽ തിരിച്ചെത്തും. സെപ്റ്റംബർ 26-ന് കേന്ദ്ര ഊർജ സെക്രട്ടറിയുടെ അധ്യക്ഷതയിൽ അവലോകനയോഗവും നടക്കും. യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്യും.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026