തിരുവനന്തപുരം: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസത്തോടെ വിഷയത്തെ നേരിടും, അതേസമയം കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇഡി റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തതിനെക്കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരെയും ഭയപ്പെടുത്താനോ അനാവശ്യ കഥകൾ മെനയാനോ ശ്രമിച്ചാലും ഒരു തെറ്റും ചെയ്യാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജീവിതത്തിൽ കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ്യാജ കഥകൾ നിർമ്മിക്കുകയാണ് ചെയ്തതെന്നും തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ആളുകളെ ഭയപ്പെടുത്തിയും മറ്റും പല തരത്തിലുമാണ് ഇഡി മൊഴിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ പല ഇടങ്ങളിലും ഇഡി അന്വേഷണം, മൊഴിയെടുക്കുന്ന രീതി ഇതൊക്കെ ബിജെപി ഇതര രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർത്തിട്ടുണ്ട്. ഇതിൽ മുൻപന്തിയിൽ നിന്ന രാഷ്ട്രീയപ്പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് എസ്ഐടിക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി സതീശനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ചെന്നിത്തല നിർദേശം നൽകിയത്. ഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം ലഭിച്ചിട്ടുണ്ട്.




