കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ എത്തിയതിൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ബംഗാളിന്റെ വഴിയേ കേരളവും കീഴടക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ ഇഡി നീക്കത്തിൽ വി ഡി സതീശൻ സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പിടിമുറുക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും, സിപിഐഎമ്മിന്റെ ചെറുത്തുനിൽപ്പാണ് അവരെ തടയുന്നതെന്നും പി ജയരാജൻ പറഞ്ഞു.
യുഡിഎഫ് ഭരണത്തെ വെടിമരുന്ന് ഉണക്കാനുള്ള കാലമായാണ് ആർഎസ്എസ് കാണുന്നത്. മുസ്ലിം ലീഗ് ബിജെപിയായി മാറി കഴിഞ്ഞതായും, ആർഎസ്എസ് അജണ്ടകളോട് ലീഗിന് എതിർപ്പില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘപരിവാറിന് ലീഗ് പരവതാനി വിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമ അജണ്ടയ്ക്കെതിരെയും ജയരാജൻ തുറന്നടിച്ചു.
കോഴിക്കോട് പൊതുസമ്മേളനത്തിൽ തനിക്ക് മാത്രമല്ല സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർക്കും കയ്യടി കിട്ടിയിട്ടുണ്ടെന്നും, മാധ്യമങ്ങളുടെ ലാളനയിൽ ആഹ്ലാദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,വിമർശിക്കുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ശ്രമമെന്നും മോദിയ്ക്ക് പഠിക്കുകയാണ് വി ഡി സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





