കോഴിക്കോട്: സുഹൃത്തിന്റെ ആഡംബര വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി കെ.എം.ഷാജി. താൻ മന്ത്രി ആയപ്പോഴല്ല ഈ വാഹനം ഉപയോഗിച്ചു തുടങ്ങിയതെന്നു മന്ത്രി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു. എത്രയോ വർഷങ്ങളായി ഇടയ്ക്കിടെ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. ആവശ്യമായ അനുമതികൾ വാങ്ങിയാണ് വാഹനം ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.
‘ഞാൻ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാർത്ത. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുള്ളപ്പോൾ മാധ്യമങ്ങൾ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്? സൈബർ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം. ആ പണി അവർ ഇപ്പോൾ തുടങ്ങിയതുമല്ല! മാധ്യമങ്ങൾ അങ്ങനെ ആണോ?! ഇപ്പോൾ “ഫേമസ്” ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല.
എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടയ്ക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരു അധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം. എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങൾ ഉണ്ട്. അവരിൽ പലർക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരിൽ ആരുടെ വണ്ടിയും നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ വിഷയത്തിൽ നിയമപരമായ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അത് ചൂണ്ടി കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല. പിന്നെ സിപിഎം സൈബർ പോരാളികളോടും,വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാരോടും എന്റെ സ്ഥിരം “അഭ്യൂദയ കാംക്ഷി” കളോടും, നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാൻ തീരുമാനിച്ചിട്ടുമില്ല! തടയൽ ഭീഷണിയുമായി യുദ്ധഭൂമിയിൽ ഇറങ്ങിയ ടീമിനോട് പറയാൻ ഉള്ളത്. ഞാൻ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തിൽ ഇറക്കാൻ അർഹതയുള്ളത് ആണെങ്കിൽ അത് ഓടുക തന്നെ ചെയ്യും. തടയാൻ എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ’.






