തിരുവനന്തപുരം: സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവമായ നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് വ്ലോഗിംഗ് നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വെളിപ്പെടുത്തി. കുടുംബ വിശേഷങ്ങളും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ള സൗഭാഗ്യ, പുതിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.
മാസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച വ്ലോഗുകൾക്ക് ഇപ്പോൾ വോയ്സ് ഓവർ നൽകി വീഡിയോകൾ തയ്യാറാക്കിയാണ് പങ്കുവെക്കുന്നതെന്ന് സൗഭാഗ്യ പറഞ്ഞു. എടുത്തുവെച്ചിരിക്കുന്ന പഴയ വ്ലോഗുകളെല്ലാം പൂർത്തിയാക്കി അപ്ലോഡ് ചെയ്ത ശേഷം യൂട്യൂബ് വ്ലോഗിംഗ് നിർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും താരം വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മനസ് മാറിയാൽ വ്ലോഗിംഗ് തുടരുമെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.
സൗഭാഗ്യയുടെ പുതിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്ലോഗിംഗ് നിർത്തരുതെന്ന ആവശ്യവുമായി നിരവധി പേർ കമന്റ് ബോക്സിലെത്തി. അതേസമയം കുട്ടിയെ വ്ലോഗുകളിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു. കുട്ടികളെ സാധാരണ കുട്ടികളെപ്പോലെ വളരാൻ അനുവദിക്കണമെന്നും അത്യാവശ്യമായ ലൈഫ് അപ്ഡേറ്റുകൾ മാത്രമായി പങ്കുവെച്ചാൽ മതിയെന്നുമായിരുന്നു ഒരു കമന്റ്.
ഭർത്താവും നടനുമായ അർജുൻ സോമശേഖർ നൽകുന്ന പിന്തുണയെക്കുറിച്ചും സൗഭാഗ്യ വീഡിയോയിൽ സംസാരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ അർജുൻ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് സൗഭാഗ്യ പറഞ്ഞു. പരസ്പരം ഊർജവും മാനസികാവസ്ഥയും മനസിലാക്കി മുന്നോട്ടുപോയാൽ മാത്രമേ നല്ല ദാമ്പത്യബന്ധം നിലനിർത്താൻ കഴിയൂവെന്നും താരം വ്യക്തമാക്കി.
‘ഞാനിത്ര ചെയ്തു, ബാക്കി നീ ചെയ്യണം’ എന്ന മനോഭാവത്തോടെ മുന്നോട്ടുപോയാൽ ബന്ധങ്ങൾ വിജയിക്കില്ലെന്നും ഇരുവരും പരസ്പരം മനസിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും സൗഭാഗ്യ പറഞ്ഞു. ഇതിനായി ദൈവത്തോട് നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.





