കട്ടപ്പന: കട്ടപ്പനയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ ശേഷം ആശുപത്രിയിൽ മരിച്ച കുഞ്ഞുമോൻ എന്ന കുഞ്ചു കൊല്ലപ്പെട്ടതെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സെൻട്രൽ ജംക്‌ഷനിൽ ബാർബർഷോപ്പ് നടത്തുന്ന സുരേഷ്, സുഹൃത്തുക്കളായ റിനു, ബാബു എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 26നാണ് സെൻട്രൽ ജംക്‌ഷനിൽ പാതയോരത്ത് കുഞ്ഞുമോനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കടത്തിണ്ണകളിലും മറ്റും കിടന്നുറങ്ങാറുള്ളയാളായതിനാൽ സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഓഗസ്റ്റ് 25ന് രാത്രിയിൽ ചിലർ ചേർന്ന് കുഞ്ഞുമോനെ പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡിലെത്തിക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവർ കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്.
പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞുമോന്റെ വാരിയെല്ലുകൾക്ക് പൊട്ടലും തലയ്ക്കുള്ളിൽ പരുക്കേറ്റ് ആന്തരിക രക്തസ്രാവവും കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ബാർബർഷോപ്പിൽ നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായെന്നും തുടർന്ന് സുരേഷും റിനുവും ബാബുവും ചേർന്ന് കുഞ്ഞുമോനെ മർദിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് കാലിൽ പിടിച്ച് പടിക്കെട്ടിലൂടെ വലിച്ചിഴച്ച് റോഡരികിൽ ഉപേക്ഷിച്ച ശേഷം മൂവരും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി എ. നസിം, കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






