കാനഡയിൽ വാടകക്കാരനും വീട്ടുടമയും തമ്മിൽ തുടങ്ങിയ തർക്കം ഒടുവിൽ വീട്ടുടമസ്ഥയായ ഇന്ത്യൻ വംശജ രാജ് തിവാനയുടെ അറസ്റ്റിൽ കലാശിച്ചു. സുഹൃത്തിനൊപ്പം ഗാർഡനിൽ ഇരുന്ന് അത്താഴത്തിന് ബീഫ് ബാർബിക്യൂ ഉണ്ടാക്കാൻ ശ്രമിച്ചതാണ് വൻ സംഘർഷത്തിലേക്ക് വഴിമാറിയത്. വാടകക്കാരനായ 50-കാരനും സുഹൃത്തും ചേർന്ന് ഗാർഡനിൽ ബാർബിക്യൂ തയ്യാറാക്കുമ്പോഴാണ് വീട്ടുടമസ്ഥയായ രാജ് തിവാന അതിനെ ശക്തമായി എതിർത്തത്. ഭിത്തിയിൽ കറ പുരളുന്നുവെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം പിന്നീട് വൻ വഴക്കായി മാറി.
തൻറെ പറമ്പിൽ ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അക്രോശിച്ച ഇവർ, ഗ്രില്ലിൽ വെച്ചിരുന്ന ഭക്ഷണം ബലമായി എടുത്തുമാറ്റുകയും മരക്കഷണം ഉപയോഗിച്ച് അടിച്ചുതകർത്ത് നിലത്തിടുകയുമായിരുന്നു. എന്നാൽ തർക്കം അവിടെയും തീർന്നില്ല. വാടകക്കാരൻറെ മുറിയിൽ അനുവാദമില്ലാതെ അതിക്രമിച്ചു കയറിയ ഇവർ കല്ലുകളെടുത്ത് എറിയുകയും സുഹൃത്തിനെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. കൂടാതെ, ഓഗസ്റ്റ് 15 വരെയുള്ള വാടക മുഴുവൻ നൽകിയ വീടിൻറെ പൂട്ട് മാറ്റുകയും, മുൻവശത്തെ വാതിൽ പൂർണ്ണമായും ഊരിമാറ്റി സുരക്ഷ ഇല്ലാതാക്കുകയും ചെയ്തു. മറ്റ് ചില അപരിചിതരായ പുരുഷന്മാരെ വീട്ടിനുള്ളിലേക്ക് കയറ്റിവിട്ട് നിരന്തരം ശല്യം ചെയ്തതായും വാടകക്കാരൻ ആരോപിക്കുന്നു. ഇതോടെ തനിക്ക് നേരിട്ട അക്രമങ്ങളുടെ ദൃശ്യങ്ങൾ വാടകക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
പിന്നാലെ വീട്ടുടമയുടെ വീട്ടിലെത്തിയ പോലീസ് സംഘം അവരെ കൈയോടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ എന്തിനാണ് അറസ്റ്റിലാകുന്നത് എന്ന് പോലീസിനോട് പരിഭ്രാന്തിയോടെ ചോദിച്ച രാജ് തിവാനയെ, മകളെ വിളിക്കാൻ പോലും സമ്മതിക്കാതെ പോലീസ് വിലങ്ങണിയിച്ച് വണ്ടിയിൽ കയറ്റി കൊണ്ടുപോയി. ‘Tiwana Farm Survivor’ എന്ന അക്കൗണ്ടിലൂടെ വാടകക്കാരൻ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.






