ന്യൂഡൽഹി: വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ശ്രീനഗർ ചലച്ചിത്രോത്സവത്തിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെ കോൺഗ്രസ് എതിർത്തതിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം.
‘അപ്പോൾ കോൺഗ്രസ് എന്താണ് ആഗ്രഹിക്കുന്നത്? ഇതിന്റെ പേരിൽ കശ്മീരികളെ ജയിലിലടയ്ക്കണമെന്നാണോ?’ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ ചോദ്യം. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിയമപരമായ ബാധ്യത നിലവിലുണ്ടെന്നും ഇത് ജമ്മു കശ്മീരിന് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറിൽ നടന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ അവതരിപ്പിച്ചതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഗാനത്തിലെ രണ്ട് വരികൾ മാത്രം ആലപിക്കണമെന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും ഇതേ നിലപാട് പിന്തുടരണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
‘ദേശീയ ഗാനവുമായി ബന്ധപ്പെട്ട് ഒരു നിയമം രാജ്യത്ത് നിലവിൽ വന്നിട്ടുണ്ട്. വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കുന്നത് ഈ നിയമത്തിൽ നിർബന്ധമാക്കിയിരിക്കുന്നു. ഇത് ജമ്മു കശ്മീരിന് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാണ്. രാജ്യത്തുടനീളമുള്ള സർക്കാർ ചടങ്ങുകൾക്കുള്ള ഔദ്യോഗിക നടപടിക്രമമാണിത്. ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയുണ്ടാകും’– ഒമർ അബ്ദുള്ള പറഞ്ഞു.
ശ്രീനഗർ ചലച്ചിത്രോത്സവവേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരസ്യമായി വിമർശിച്ചിരുന്നു. സ്വാതന്ത്ര്യസമര സേനാനികൾ ഇന്ത്യയ്ക്കായി വിഭാവനം ചെയ്ത സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങളുമായി വന്ദേമാതരത്തിന്റെ പൂർണരൂപം യോജിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ബഹുമാനത്തോടും വിനയത്തോടും കൂടി സ്വാതന്ത്ര്യസമര സേനാനികളുടെ തീരുമാനങ്ങളെ മാനിക്കണമെന്നും അവർ അംഗീകരിച്ച വന്ദേമാതരത്തിന്റെ പതിപ്പ് മാത്രമേ ആലപിക്കാവൂ എന്നും സഖ്യകക്ഷികളോട് അഭ്യർഥിക്കുന്നതായി കെ.സി. വേണുഗോപാൽ എക്സിൽ കുറിച്ചിരുന്നു. ശ്രീനഗർ ചലച്ചിത്രോത്സവവേദിയിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇതേ നിയമപരമായ ബാധ്യത നിലവിലുണ്ടാകുമെന്ന് ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. നിയമം പാസാക്കുന്നതിന് മുമ്പ് കോൺഗ്രസിന് പാർലമെന്റിൽ ഇതിനെ എതിർക്കാമായിരുന്നുവെന്നും എന്നാൽ നിയമം നിലവിൽ വന്ന സാഹചര്യത്തിൽ അത് പാലിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരു പാർട്ടി എന്ന നിലയിൽ നാഷണൽ കോൺഫറൻസ് ഒരിക്കലും വന്ദേമാതരം സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും അത് ചെയ്യില്ലെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.
ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ച് കവര്‍ച്ച, ബിജെപി നേതാക്കള്‍ അറസ്റ്റില്‍






