തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഉച്ചക്കട തൈവിളാകം വലിയവിള വീട്ടിൽ താമസിക്കുന്ന സുരേഷ് കുമാറിനാണ് സുഹൃത്തായ സമീപവാസി ശ്രീകാന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് 5.30ഓടെ ഉച്ചക്കടയിലാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വീണ്ടും മദ്യം വാങ്ങുന്നതിനായി ശ്രീകാന്ത് പണം ആവശ്യപ്പെട്ടതിനെച്ചൊല്ലിയായിരുന്നു തർക്കം.
വാക്കുതർക്കത്തിനിടെ ശ്രീകാന്ത് കല്ലെടുത്ത് സുരേഷ് കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷ് കുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തെ തുടർന്ന് ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.






