തൃശൂർ: ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ നിയന്ത്രണംവിട്ട് കുതിര പാഞ്ഞത് പരിഭ്രാന്തി പരത്തി. കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷ് (35) ആണ് പരിക്കേറ്റത്.
നെടുമ്പര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വളർത്തുകുതിരയാണ് നിയന്ത്രണംവിട്ട് റോഡിലിറങ്ങിയത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപത്തുനിന്ന് കുതിരയെ ഓടിച്ചുവരുന്നതിനിടെ ചുങ്കം സെന്ററിന് സമീപത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
കുതിര റോഡിലൂടെ അമിതവേഗത്തിൽ ഓടിയതോടെ വാഹനയാത്രികർ പരിഭ്രാന്തരായി. പലരും വാഹനങ്ങൾ നിർത്തിയിട്ടു. ഇതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റെ ഓട്ടോറിക്ഷയുടെ മുൻഭാഗം കുതിര ഇടിച്ച് തകർത്തു. തുടർന്ന് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.
വിവരമറിഞ്ഞ് ചെറുതുരുത്തി എസ്.ഐ. ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. തുടർന്ന് കുതിരയെ നിയന്ത്രണത്തിലാക്കി കൊണ്ടുപോകുകയും ചെയ്തു. കുതിരയുടെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.






