ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള ഓണാഘോഷ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കേരള സാരിയും മുണ്ടും ധരിച്ച് മലയാളത്തിന്റെ പ്രിയഗാനങ്ങൾക്ക് ചുവടുവെക്കുന്ന അരുണാചലിലെ വിദ്യാർഥികളുടെ വീഡിയോ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കലാഭവൻ മണിയുടെ ‘വരത്തന്റൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ’; പുലിവാൽക്കല്ല്യാണത്തിലെ ’ഗുജറാത്തിൽ കാൽത്തളകെട്ടിയ’; ‘എള്ളൂള്ളേരി’ തുടങ്ങിയ സൂപ്പർഹിറ്റ് മലയാളം ഗാനങ്ങൾക്കാണ് വിദ്യാർഥികൾ ആവേശത്തോടെ ചുവടു വച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് വേഷവിധാനങ്ങളണിഞ്ഞ് ഓണാഘോഷത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
‘കേരളത്തിന്റെ ആത്മാവ് അരുണാചൽ പ്രദേശിലും തൊട്ടറിയാം’ എന്ന കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കുവെച്ചത്. അരുണാചൽ പ്രദേശിൽ അധ്യാപകനായി ജോലി ചെയ്യുന്ന അരീക്കോട് സ്വദേശി അഷ്ഖർ പകർത്തിയ വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്.
അരുണാചലിലെ വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിന്റെയും അഭിനയിക്കുന്നതിന്റെയും നിരവധി വീഡിയോകൾ അഷ്ഖർ നേരത്തെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാള ഗാനങ്ങൾക്കൊപ്പം വിദ്യാർഥികൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.






