കാസർകോട്: ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കലംതല്ലിപ്പൊട്ടിക്കലിനിടെ തലയ്ക്ക് അടിയേറ്റ് എൽഡിഎഫ് മെമ്പർക്ക് പരുക്ക്. കാസർകോട് വോർക്കാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു സംഭവം. ബിജെപിയും യുഡിഎഫും എൽഡിഎഫും സംയുക്തമായി ഓണാഘോഷം സംഘടിക്കുകയായിരുന്നു.
ഇതിനിടെ കണ്ണുകെട്ടിവിട്ട യുഡിഎഫ് വനിതാ മെമ്പർ കുടമാണെന്നു കരുതി എൽഡിഎഫ് മെമ്പറുടെ തലയ്ക്കിട്ട് കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തല്ലുകയായിരുന്നു. കലം തല്ലിപ്പൊട്ടിക്കുന്നതു കാണാനുള്ള ആവേശത്തിൽ ആർപ്പുവിളിച്ചുകൊണ്ടിരുന്ന എൽഡിഎഫ് മെമ്പർ അടിവരുന്നതു കണ്ടതുമില്ല. അപകടത്തിൽപ്പെട്ട മെമ്പറുടെ പരുക്കു ഗുരുതരമാണോ എന്നോ മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. അതേസമയം യുഡിഎഫ് മെമ്പർക്ക് കണ്ണുകെട്ടിക്കൊടുത്തു വിട്ടത് ബിജെപി മെമ്പറായിരുന്നു താനും.






