മുംബൈ: 2008ലെ 26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ടിരുന്ന കൊളാബയിലെ ജൂത മതകേന്ദ്രമായ ഛബാദ് ഹൗസിൽ ഉൾപ്പെടെ മുംബൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെന്ന കേസിൽ 20കാരൻ അറസ്റ്റിൽ. നവി മുംബൈയിലെ ഐറോളി സ്വദേശിയായ യാഷ് സിങ്ങിനെയാണ് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ചിലരുടെ നിർദേശപ്രകാരം ജൂത പൗരന്മാർ, വിദേശികൾ, അവരുടെ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കൈമാറിയെന്നാണ് ഇയാൾക്കെതിരായ ആരോപണം.
ഫോട്ടോകൾ, വാഹനങ്ങളുടെ വിവരങ്ങൾ, കൃത്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനവിവരങ്ങൾ എന്നിവ ശേഖരിച്ച് വിദേശത്തുള്ള ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു ഇയാളുടെ ചുമതലയെന്ന് പൊലീസ് പറയുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നവി മുംബൈ ഭീകരവിരുദ്ധ സേനയാണ് (എടിഎസ്) ഇയാളെ ആദ്യം പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കേസിന് കേരളവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് സംഘം മുംബൈയിലെത്തി. ഇയാളുടെ പങ്കും കേരളത്തിലെ കേസുമായുള്ള ബന്ധവും പരിശോധിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ മുംബൈയിലെ ദക്ഷിണ മേഖലകളിൽ, പ്രത്യേകിച്ച് കൊളാബയിൽ, നിരീക്ഷണം നടത്താൻ സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട മാഫിയ സംഘങ്ങളുമായും അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായും ബന്ധമുള്ളവർ നിർദേശം നൽകിയിരുന്നതായി യാഷ് വെളിപ്പെടുത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
മുംബൈയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ വിദേശത്തുള്ള ചിലർ യാഷ് സിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസിന്റെ ആരോപണം. കൊളാബയിലെ നരിമാൻ ഹൗസ് എന്നറിയപ്പെടുന്ന ഛബാദ് ഹൗസിനായിരുന്നു പ്രത്യേക ശ്രദ്ധ നൽകിയത്. ജൂത മത-സാംസ്കാരിക കേന്ദ്രമായ ഇവിടെ ജൂത പൗരന്മാരുടെ സാന്നിധ്യവും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചിരുന്നതായാണ് കണ്ടെത്തൽ.
ജൂത പൗരന്മാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും വിദേശ പൗരന്മാരുടെയും താമസസ്ഥലങ്ങൾ, നഗരത്തിലെ ബിസിനസ് സ്ഥാപനങ്ങൾ എന്നിവയുടെ ചിത്രങ്ങളും വാഹനങ്ങളുടെ വിവരങ്ങളും കൃത്യമായ സ്ഥലവിവരങ്ങളും ശേഖരിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറയുന്നു.
പാക്കിസ്ഥാൻ ഭീകരൻ ഷഹ്സാദ് ഭട്ടിയുടെ കുറ്റകൃത്യ ശൃംഖലയുമായി ബന്ധമുള്ളതെന്ന് ആരോപിക്കപ്പെടുന്ന സംഘങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ യുവാക്കളെ സമീപിക്കുന്നുണ്ടെന്നാണ് നവി മുംബൈ എടിഎസിന്റെ വെളിപ്പെടുത്തൽ. തൊഴിലില്ലാത്തവരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പണം വാഗ്ദാനം ചെയ്ത് തന്ത്രപ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുക, വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ ജോലികൾ ഏൽപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
26/11 ആക്രമണത്തിൽ നരിമാൻ ഹൗസും ലക്ഷ്യമായത്
2008 നവംബറിലാണ് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയിലെ പത്ത് ഭീകരർ കടൽമാർഗം മുംബൈയിലെത്തി ഏകോപിതമായ വെടിവെപ്പും ബോംബാക്രമണങ്ങളും നടത്തിയത്. അറബിക്കടൽ വഴി എത്തിയ ഭീകരർ കൊളാബയിലെ മത്സ്യബന്ധന കേന്ദ്രത്തിന് സമീപമാണ് കരയ്ക്കിറങ്ങിയത്. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മൂന്നു ദിവസം നീണ്ടുനിന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താജ്മഹൽ പാലസ് ഹോട്ടൽ, ഒബ്റോയ്-ട്രൈഡന്റ് ഹോട്ടൽ സമുച്ചയം, ഛത്രപതി ശിവാജി ടെർമിനസ്, നരിമാൻ ഹൗസ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്.
ജൂത മത-സാംസ്കാരിക സംഘടനയായ ചബാദ്-ലുബാവിച്ചിന്റെ കേന്ദ്രമായിരുന്നു നരിമാൻ ഹൗസ്. ആക്രമണത്തിനിടെ രണ്ട് ഭീകരർ കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കുകയും ചെയ്തു. മുംബൈ ഭീകരാക്രമണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റുമുട്ടൽ കേന്ദ്രങ്ങളിലൊന്നായി നരിമാൻ ഹൗസ് മാറി.
കേന്ദ്രത്തിലെ റബ്ബിയായ ഗബ്രിയേൽ ഹോൾട്സ്ബർഗും ഗർഭിണിയായ ഭാര്യ റിവ്കയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ രണ്ട് ഇസ്രായേലുകാരും ഒരു അമേരിക്കക്കാരനും ഒരു മെക്സിക്കൻ പൗരനും ഉൾപ്പെടെ ജൂതവിശ്വാസികളായ അഞ്ചുപേരും കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ദമ്പതികളുടെ രണ്ടുവയസ്സുകാരനായ മകൻ മോശെ മാത്രമാണ് കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇന്ത്യൻ ആയയായ സാന്ദ്ര സാമുവൽസ് കുട്ടിയെ ഭീകരരിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്കുശേഷം ആയയ്ക്കൊപ്പം മോശെയെ ഇസ്രായേലിലേക്ക് കൊണ്ടുപോയി.
ഈ പശ്ചാത്തലത്തിലാണ് നരിമാൻ ഹൗസിൽ വീണ്ടും നിരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ 20കാരന്റെ അറസ്റ്റ് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെ കാണുന്നത്. ഇയാളുടെ വിദേശബന്ധങ്ങൾ, വിവരങ്ങൾ കൈമാറിയവരുടെ പങ്ക്, കേരളത്തിലെ യുഎപിഎ കേസുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.