ഉത്തർപ്രദേശ്: ബല്ലിയ ജില്ലയിൽ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം മുഴക്കിയ വാഹനം നിർത്തിയതിനു പിന്നാലെ 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. ഉച്ചത്തിലുള്ള സംഗീതം കാരണം കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ശബ്ദം കുറയ്ക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഡിജെ സംഘാംഗങ്ങൾ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.
കുഞ്ഞിന്റെ അമ്മ റീമാ ദേവിക്കൊപ്പം വീട്ടിലെ കുടിലിൽ ഉറങ്ങുകയായിരുന്നു കുഞ്ഞ്. ഇതിനിടെയാണ് ഡിജെ സംവിധാനമടങ്ങിയ വാഹനം ഉച്ചത്തിൽ സംഗീതം മുഴക്കിക്കൊണ്ട് വീടിന് മുന്നിലെത്തുകയും അവിടെ നിർത്തുകയും ചെയ്തത്. സംഗീതം തുടർന്നതോടെ കുഞ്ഞ് പെട്ടെന്ന് കരയാൻ തുടങ്ങി. തുടർന്ന് ബന്ധുക്കൾ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ പത്ത് ദിവസമായി റീമാ ദേവി നവജാതശിശുവിനൊപ്പം സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് കുഞ്ഞിന്റെ അമ്മായി പറഞ്ഞു. ഭർതൃവീട്ടിൽ തങ്ങളെയും കുഞ്ഞിനെയും പരിചരിക്കാൻ ആരുമില്ലാത്തതിനാലാണ് റീമാ ദേവി സ്വന്തം വീട്ടിലേക്ക് വന്നതെന്നും അമ്മായി വ്യക്തമാക്കി.
“ഭർതൃവീട്ടിൽ പരിചരിക്കാൻ ആരുമില്ലാത്തതിനാലാണ് കുഞ്ഞിനൊപ്പം റീമ ഇവിടെ എത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി ഞങ്ങളാണ് ഇരുവരെയും നോക്കിയിരുന്നത്. ഉച്ചത്തിൽ സംഗീതം മുഴക്കിക്കൊണ്ട് ഡിജെ സംവിധാനം ഘടിപ്പിച്ച ട്രക്ക് ഞങ്ങളുടെ വീടിന് മുന്നിലെത്തി നിർത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. അപ്പോഴാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചത്,” അമ്മായി പറഞ്ഞു.
വാഹനം വീടിന് മുന്നിൽ നിർത്തി ഇത്രയും ഉച്ചത്തിൽ സംഗീതം മുഴക്കരുതെന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നും തങ്ങൾ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഡിജെ സംഘാംഗങ്ങൾ അത് അവഗണിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. “ഇവിടെ വാഹനം നിർത്തരുതെന്നും ഇത്രയും ഉച്ചത്തിൽ പാട്ട് വയ്ക്കരുതെന്നും ഞങ്ങൾ അഭ്യർഥിച്ചു. എന്നാൽ ഞങ്ങളുടെ അപേക്ഷകൾ ആരും ചെവിക്കൊണ്ടില്ല,” അമ്മായി പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ജയ് ശങ്കർ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഡിജെ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.