ന്യൂഡൽഹി: രക്ഷാ ബന്ധനുമായി ബന്ധപ്പെട്ട് നടി കൃതി സനോൺ അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ആഭരണ ബ്രാൻഡിന്റെ രാഖി പരസ്യത്തിൽ കൃതി ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ കങ്കണ വിവാദം ഉയർന്നത്.
രാഖി ആഘോഷം അവതരിപ്പിക്കുന്ന പരസ്യത്തിൽ ഓഫ്- വൈറ്റ് ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസിനൊപ്പം കേപ്പും ഡ്രേപ്പ് ചെയ്ത സ്കർട്ടുമാണ് കൃതി ധരിച്ചിരിക്കുന്നത്. വസ്ത്രധാരണം ഇന്ത്യൻ ഉത്സവത്തെ പരിഹസിക്കുന്നതാണെന്നായിരുന്നു ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ആരോപണം. വസ്ത്രം അമിതമായി ശരീരം പ്രദർശിപ്പിക്കുന്നതാണെന്നും ചിലർ വിമർശിച്ചു.
ഇതിനിടെയാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരസ്യത്തെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. കൃതിയുടെ പേര് പരാമർശിച്ചില്ലെങ്കിലും നിലവിലെ വിവാദത്തെക്കുറിച്ചാണ് പ്രതികരിക്കുന്നതെന്ന് വ്യക്തമായിരുന്നു.
“ഇന്ന് സ്ത്രീകൾക്ക് വസ്ത്രങ്ങളുടെ കാര്യത്തിൽ നിരവധി തിരഞ്ഞെടുപ്പുകളുണ്ട്. കോക്ടെയ്ൽ ഡ്രസ്സുകൾ മുതൽ ലെഹങ്ക ചോളി വരെ, ജീൻസ് മുതൽ സാരി വരെ, ബിക്കിനി മുതൽ സൽവാർ കമീസ് വരെ നിരവധി ഓപ്ഷനുകൾ മുന്നിലുണ്ട്. അങ്ങനെയിരിക്കെ, എന്തിനാണ് ബിക്കിനിയിലോ അടിവസ്ത്രത്തിലോ സഹോദരന് രാഖി കെട്ടുന്നത്?” എന്നായിരുന്നു കങ്കണയുടെ ചോദ്യം.
പരസ്യം “മനഃപൂർവം അസ്വസ്ഥതയുണ്ടാക്കുന്നതാണ്” എന്നും കങ്കണ വിമർശിച്ചു.
വസ്ത്രധാരണത്തിന് പുറമെ പരസ്യത്തിലെ മറ്റൊരു രംഗവും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൃതി സനോൺ നായയെ സഹോദരനായി കണ്ട് രാഖി കെട്ടുന്ന രംഗമാണ് അത്. നായ കുരച്ചതിന് പിന്നാലെയാണ് കൃതി അതിന്റെ കഴുത്തിൽ രാഖി കെട്ടുന്നത്.
അതേസമയം, വിവാദത്തോടും കങ്കണയുടെ പരാമർശങ്ങളോടും കൃതി സനോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ സഹോദരി നൂപുർ സനോണിനും അഭ്യൂഹങ്ങളിൽ പങ്കാളിയായി പറയപ്പെടുന്ന കബീർ ബാഹിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ കൃതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. “Some memories captured.. Mannnnyyyyy more Lived!” എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.






