ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ എത്തിച്ച് അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു. കുട്ടിയെ കാണുന്നില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാമ്രൂപ് ജില്ലയിലെ പസാരിയ സ്വദേശിനിയായ പെൺകുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. സോക്കുച്ചിയിലെ രംഗ്മാൻ ഗ്രാൻഡ് ഹോംസ്റ്റേയിലാണ് പെൺകുട്ടിയെ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. ഗോപാൽപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ പറഞ്ഞുപറ്റിച്ച് സൗകുച്ചിയിലുള്ള ‘രംഗ്മൻ ഗ്രാൻറ് ഹോംസ്റ്റേ’യിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് രാത്രി മുഴുവൻ ഹോംസ്റ്റേയിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പുലർച്ചെയോടെ പൻബസാറിലെ ശുക്ലേശ്വർ ഘട്ടിന് സമീപം റോഡരികിൽ ഉപേക്ഷിച്ചെന്നുമാണ് ആരോപണം. സംഭവത്തിൽ ഹിർകജ്യോതി ദാസ്, ബിശാൽ ബറുവ, ലക്ഷ്മീധർ നാഥ്, റജിപ് അലി എന്നിവരും സംഭവത്തിൽ പങ്കാളികളായതായി പോലീസ് സംശയിക്കുന്നു. ഇവരിൽ ബിശാൽ ബറുവയും ലക്ഷ്മീധർ നാഥും ഹോംസ്റ്റേയിലെ ജീവനക്കാരാണെന്നാണ് വിവരം.
അതേസമയം, കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി കുടുംബം നൽകിയ പരാതിയിൽ ദദാര ഔട്ട്പോസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തതായി അസം പോലീസ് അറിയിച്ചു. ആഗസ്റ്റ് 24ന് പുലർച്ചെ 5.47ഓടെ ഗുവാഹത്തിയിലെ പൻബസാർ മേഖലയിൽ പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ദദാര ഔട്ട്പോസ്റ്റ് ഇൻചാർജും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി പൻബസാർ പാനി ടാങ്കിക്ക് സമീപത്തുനിന്ന് പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ സെക്ഷൻ 6, 17 എന്നിവയും കേസിൽ കൂട്ടിച്ചേർത്തതായി പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴിയും രേഖപ്പെടുത്തി.
കാമ്രൂപ് സീനിയർ പോലീസ് സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ഹെഡ്ക്വാർട്ടേഴ്സ്), അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ക്രൈം) എന്നിവർ അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നതായി അസം പോലീസ് അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ പങ്കും പെൺകുട്ടിയെ ഹോംസ്റ്റേയിലേക്ക് എത്തിച്ചതിന് പിന്നിലെ സാഹചര്യങ്ങളും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
ഓണാഘോഷത്തിനിടെ മദ്യലഹരിയിൽ പോലീസുകാർ; എസ്.പി.യെ കണ്ടതോടെ ഒരാൾ ഓടി, മൂന്ന് പേർക്ക് സസ്പെൻഷൻ






