പൂനൈ: മഹാരാഷ്ട്രയിലെ പൂനൈയിൽ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ജുന്നാർ താലൂക്കിലെ പിംപൾവാഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 25കാരനായ സഹിൽ ഖേരെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കർഷകദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അസുഖബാധിതയായതിനാൽ കുട്ടി അന്ന് സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വൈകുന്നേരം മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ആദ്യഘട്ടത്തിൽ കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതിയും ഒന്നും അറിയാത്ത ഭാവത്തിൽ തിരച്ചിലിൽ പങ്കെടുത്തിരുന്നതായി പൊലീസ് പറയുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അസ്വാഭാവിക സാഹചര്യത്തിൽ ഒരാൾ സൈക്കിളിൽ പോകുന്നത് ദൃശ്യങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആ വഴിക്ക് തിരിച്ചു. ദൃശ്യത്തിലുള്ളത് സഹിൽ ഖേരെയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്തു.
സൈക്കിളിൽ പോയത് താനാണെന്ന് പ്രതി സമ്മതിച്ചതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് മരത്തിന് സമീപത്തെ ഓവുചാലിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും പുണെ-നാസിക് ഹൈവേ ഉപരോധിച്ചു. പ്രതിക്ക് കർശന ശിക്ഷ നൽകണമെന്നും കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






