ന്യൂഡൽഹി: ഡൽഹിയിൽ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അജിത് വിഹാറിലെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയത്.
മരിച്ച പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ സംശയിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകം നടത്തിയതായി സമ്മതിക്കുകയും, തുടർന്ന് ഇയാളെ സ്ഥലത്തെത്തിച്ച് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
പിടിയിലായ പ്രതി പെൺകുട്ടിയുടെ ബന്ധുവാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പെൺകുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന കാര്യത്തിലും മരണകാരണത്തിലും കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.






