ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ 67-കാരനെ വീട്ടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കരുവാറ്റ സ്വദേശി ശിവൻകുട്ടി (67) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. മോഷണം ലക്ഷ്യമിട്ട് വീട്ടിനുള്ളിൽ കയറിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.
സംഭവത്തിന് പിന്നാലെ ശിവൻകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതും വീട്ടില സൂക്ഷിച്ചിരുന്നതുമായ ആറ് പവന്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ശിവൻകുട്ടിയുടെ ഭാര്യയും മകളും, മകളുടെ പ്രസവാവശ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടക്കുന്നത്. ഇതോടെ വീട്ടിൽ ശിവൻകുട്ടി മാത്രമാണ് തനിച്ചുണ്ടായിരുന്നത്.
ഈ അവസരം മുതലാക്കിയാണ് അക്രമികൾ വീട്ടിനുള്ളിൽ കടന്നുകൂടിയതും മോഷണശ്രമത്തിനിടെ ശിവൻകുട്ടിയെ അപായപ്പെടുത്തിയതും. വീടിനുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഹരിപ്പാട് പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും ആരംഭിച്ചു. വീടും പരിസരവും പോലീസ് സീൽ ചെയ്തിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.






